സാഹചര്യം മോശമായാല്‍ ഇന്ത്യയുടെ ആണവായുധ നയത്തില്‍ മാറ്റം വരുത്തുമെന്ന് രാജ്നാഥ് സിംഗ് : വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ശക്തമായ താക്കീത്

പൊഖ്‌റാന്‍: ആണവായുധം സംബന്ധിച്ച രാജ്യത്തിന്റെ പ്രഖ്യാപിതനയത്തില്‍ വേണ്ടി വന്നാല്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അദ്ദേഹം പറയുന്നു. പൊഖ്‌റാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നുവരെ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു നമ്മുടെ നയം, എന്നാല്‍ ഭാവിയില്‍ ഇതില്‍ മാറ്റം വരുത്തിയേക്കാം. അതെല്ലാം ഭാവിയിലെ സാഹചര്യങ്ങളെ അനുസരിച്ചിരിക്കും- അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിരോധമന്ത്രിയുടെ മറുപടി മാധ്യമങ്ങളോടാണെങ്കിലും ഇത് പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്. 73ാം സ്വാതന്ത്ര ദിനാഘോഷത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. രണ്ടാം പൊഖ്റാന്‍ സ്ഫോടനത്തിന് ശേഷമാണ് ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന സമീപനം സ്വീകരിച്ചത്. പ്രതിരോധാവശ്യങ്ങള്‍ക്ക് മാത്രമായിട്ടായിരിക്കും ഇന്ത്യ അണുവായുധം പ്രയോഗിക്കുകയെന്നതായിരുന്നു 1999 ല്‍ ഇന്ത്യ പുറത്തിറക്കിയ ആണവ നയം വ്യക്തമാക്കിയത്. 2010 ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കര്‍ മേനോന്‍ ആദ്യം പ്രയോഗിക്കില്ലെന്ന നയത്തെ, ആണവേതര രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന രീതിയില്‍ വ്യാഖ്യാനിച്ചിരുന്നു.

2013 ല്‍ അന്നത്തെ ദേശീയ സുരക്ഷ ഉപദേശ കൗണ്‍സില്‍ അംഗമായിരുന്ന ശ്യാം സരണ്‍ പറഞ്ഞത് ഇന്ത്യയ്ക്കെതിരെ ഏത് തരത്തിലുള്ള ആണവാക്രമണം ഉണ്ടായാലും വലിയ തോതില്‍ രാജ്യം തിരിച്ചടിക്കുമെന്നായിരുന്നു. ആണാവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞതും. കാശ്മീര്‍ വിഷയത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നയം മാറ്റ പ്രഖ്യാപനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്

Share this news

Leave a Reply

%d bloggers like this: