സാമ്പത്തിക വളര്‍ച്ചയില്‍ നേപ്പാളും ബംഗ്ലാദേശും ഇന്ത്യയെ പിന്നിലാക്കുമെന്ന് ലോകബാങ്ക്…

നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ മികച്ച വളര്‍ച്ചാ നിരക്ക് 2019ല്‍ തന്നെ കൈവരിക്കുമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. ദക്ഷിണേഷ്യയില്‍ മൊത്തത്തില്‍ മാന്ദ്യമുണ്ടാകുമെങ്കിലും ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം ഗണ്യമായി കുറയും. എന്നാല്‍ അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ താരതമ്യേന വേഗത്തില്‍ വളര്‍ച്ച പ്രാപിക്കും. അതെസമയം മേഖലയില്‍ പാകിസ്താനും വളര്‍ച്ചയില്‍ ഏറെ പിന്നാക്കമായിരിക്കും. 2.4 ശതമാനത്തോളം വളര്‍ച്ചാനിരക്ക് താഴേക്കു പോകാന്‍ സാധ്യതയുണ്ട്. ദക്ഷിണേഷ്യയുടെ മൊത്തം വളര്‍ച്ചാസാധ്യത നേരത്തെ അനുമാനിക്കപ്പെട്ടിരുന്നതില്‍ നിന്നും കുറച്ചിട്ടുമുണ്ട് ലോകബാങ്ക്. 5.9 ശതമാനത്തിലേക്കാണ് കുറച്ചിരിക്കുന്നത്. 1.1 ശതമാനത്തിന്റെ കുറവ്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (GDP Growth) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനത്തിലേക്ക് വീഴുമെന്ന വിലയിരുത്തലും ലോകബാങ്ക് ഇതേ റിപ്പോര്‍ട്ടില്‍ നടത്തിയിട്ടുണ്ട്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദങ്ങളിലെ ലക്ഷണങ്ങള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ ലോകബാങ്ക് എത്തിയിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 6.9 ശതമാനത്തില്‍ നിന്നിരുന്നതാണ്. നിലവിലെ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറാന്‍ കുറച്ചധികം സമയമെടുക്കുന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. 2018-19 കാലയളവിലെ അതേ വളര്‍ച്ചാനിരക്കിലേക്ക് രാജ്യം എത്തണമെങ്കില്‍ ഇനിയും രണ്ടു വര്‍ഷമെടുക്കും.

2021ല്‍ വളര്‍ച്ചാനിരക്ക് 6.9 ശതമാനത്തില്‍ എത്തുമെന്ന് ലോകബാങ്കിന്റെ സൗത്ത് ഏഷ്യാ ഇക്കണോമിക് ഫോക്കസ് (South Asia Economic Focus) പറയുന്നു. 2022ല്‍ വളര്‍ച്ചാനിരക്ക് 7.2 ശതമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്നുള്ള വാര്‍ഷിക യോഗത്തിനു മുന്നോടിയായാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 7.2 ശതമാനത്തില്‍ നിന്നിരുന്നതാണ്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നടപ്പാക്കിയ കാലയളവിനു ശേഷം കടുത്ത മാന്ദ്യത്തിലേക്ക് രാജ്യം വീഴുകയായിരുന്നു. തൊട്ടടുത്ത സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ചാനിരക്ക് 6.8 ശതമാനത്തിലേക്ക് വീണു. ഇന്‍ഡസ്ട്രിയല്‍ ഉല്‍പാദന വളര്‍ച്ചാനിരക്കിലും വലിയ വീഴ്ച സംഭവിക്കുകയുണ്ടായി.

Share this news

Leave a Reply

%d bloggers like this: