സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.

ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്. അഭ്യൂഹങ്ങളോടും അനുമാനങ്ങളോടും പ്രതികരിക്കാനില്ലെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു. എന്തെങ്കിലും തീരുമാനമെടുണമെങ്കില്‍ അത് ഓഹരി ഉടമകളുമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി.

ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് എയര്‍വേസ് തയാറായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികള്‍ കൈവശമുള്ള ഇത്തിഹാദ് അത് 49 ശതമാനമാക്കി ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇടപാട് പൂര്‍ത്തിയായാല്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടറായ നരേഷ് ഗോയലിന്റെ കൈവശമുള്ള ഭൂരിപക്ഷ ഓഹരി ഇല്ലാതാകും.

ഗോയലിനെ നേതൃസ്ഥാനത്തുനിന്നു മാറ്റി ഏറ്റെടുക്കാനാണ് യുഎഇ ആസ്ഥാനമായുള്ള ഇത്തിഹാദിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു. നിലവില്‍ 51 ശതമാനം ഓഹരിയുള്ള ഗോയലിന് അത് 20 ശതമാനത്തിലേക്കു താഴുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇത്തിഹാദ് എയര്‍വേസിന്റെയും ജെറ്റ് എയര്‍വേസിന്റെയും ഓഹരികളുടെ വില ഉയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: