സാമ്പത്തിക തട്ടിപ്പുകാര്‍ കുടിയേറുന്നത് തടയാന്‍ ഗോള്‍ഡന്‍ വിസ സംവിധാനം യു.കെ. നിര്‍ത്തലാക്കി

ലണ്ടന്‍: എളുപ്പവഴിയില്‍ ബ്രിട്ടനിലേക്കു കുടിയേറാന്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള ധനികര്‍ ഉപയോഗപ്പെടുത്തിയിരുന്ന ‘ഗോള്‍ഡന്‍ വിസ’ മാര്‍ഗം അടച്ച് യു.കെ. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ കൂടി പശ്ചാത്തലത്തിലാണു നടപടി. 2008- ല്‍ നിലവില്‍ വന്ന യു.കെ. ടയര്‍ 1 നിക്ഷേപക വിസ തരപ്പെടുത്തി അഴിമതിക്കാരും തട്ടിപ്പുകാരും ഉള്‍പ്പെടെ ബ്രിട്ടനിലേക്കു മുങ്ങുന്നതു പതിവാക്കിയിരുന്നു. ഇന്ത്യക്കു പുറമേ ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേരാണ് ഈ സാധ്യത പ്രയോജനപ്പെടുത്തിയത്. തട്ടിപ്പുകാര്‍ ആയുധമാക്കിത്തുടങ്ങിയതോടെ ഈ വിസ പിന്‍വലിക്കാന്‍ രാജ്യാന്തര തലത്തില്‍ സമ്മര്‍ദമേറിയിരുന്നു.

രണ്ടു ദശലക്ഷം യൂറോ ബ്രിട്ടീഷ് ട്രഷറിയിലോ ഓഹരി വിപണികളിലാ നിക്ഷേപിക്കാന്‍ തയാറുള്ള ആര്‍ക്കും ഇതുവരെ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാമായിരുന്നു. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതു രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാനും കഴിഞ്ഞിരുന്നു. വിസ കിട്ടിക്കഴിഞ്ഞാല്‍ യു.കെയില്‍ ജോലിയോ, പഠനമോ ബിസിനസോ എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണു ലഭിച്ചിരുന്നത്.

ഇതൊന്നുമില്ലാതെ വിലസാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗോള്‍ഡന്‍ വിസ കുറുക്കുവഴിയായിരുന്നു. സ്ഥിരതാമസാനുമതി കിട്ടുന്നതിനു മുമ്പ് അഞ്ചുവര്‍ഷം 18 കോടി നിക്ഷേപമായി നിലനിര്‍ത്തണമെന്നു മാത്രം.തൊണ്ണൂറു കോടി മുടക്കുന്നവര്‍ക്കു രണ്ടു വര്‍ഷംകൊണ്ടു സ്ഥിരതാമസാനുമതി, 45 കോടി മുടക്കിയാല്‍ മൂന്നു വര്‍ഷംകൊണ്ടു സ്ഥിരതാമസാനുമതി എന്നീ കുറുക്കുവഴികള്‍ വേറെയുമുണ്ടായിരുന്നു. പ്രതിവര്‍ഷം 49.80 കോടി യൂറോ ആണ് ഇത്തരം വിസയിലൂടെ ബ്രിട്ടനു കിട്ടിയിരുന്നത്.

കൂടുതല്‍ പണം നല്‍കുന്ന ആര്‍ക്കും ബ്രിട്ടനിലേക്കു കുടിയേറാമെന്നു വന്നതോടെ കോടികളുടെ അഴിമതി നടത്തുന്നവരും ഭരണ അട്ടിമറി നടത്തുന്നവരും ഉള്‍പ്പെടെ ബ്രിട്ടനിലേക്കു കടക്കുന്നതു പതിവാക്കിയിരുന്നു. ബെല്‍ജിയം പൗരത്വമുള്ളതിനാല്‍, പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു 11,400 കോടി രൂപയുടെ വായ്പയെടുത്തശേഷം നീരവ് മോഡി ബ്രിട്ടനിലേക്കു കടന്നത് ഇത്തരം വിസ ഉപയോഗപ്പെടുത്തിയല്ലെന്നാണു വിലയിരുത്തല്‍. വായ്പാ തിരിച്ചടവു വീഴ്ച വരുത്തി ബ്രിട്ടനിലേക്കു മുടങ്ങിയ വിജയ് മല്യക്കാകട്ടെ 1992 മുതല്‍ യു.കെ. പൗരത്വമുണ്ടായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: