സാമ്പത്തിക കുറ്റകൃത്യം: വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും.

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യര്‍ഥന ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ് മല്യക്കെതിരെയുള്ള കേസ് നടക്കുന്നത്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടന്‍ തന്നെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മല്യ സുപ്രീം കോടതിയിലെത്തിയത്. ഇന്ത്യയില്‍ 9000 കോടിയുടെ വായ്പക്കുടിശിക വരുത്തിയതിനു പിന്നാലെ രാജ്യം വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്.

Share this news

Leave a Reply

%d bloggers like this: