സാത്താനും പള്ളിപണിത് അമേരിക്ക; ഡെട്രോയിലെ പള്ളിയില്‍ സാത്താന്റെ വെങ്കല പ്രതിമ

 

പല തരത്തിലുള്ള വിശ്വാസങ്ങളുടെ സങ്കരഭൂമിയാണ് അമേരിക്ക. ദൈവത്തെയും ചെകുത്താനെയും ആരാധിക്കുന്നവര്‍ അവിടെ കുറവല്ല. ഇപ്പോഴിതാ, ചെകുത്താനെ ആരാധിക്കുന്നവര്‍ക്കായി പള്ളി പണിയാനും അവര്‍ തയ്യാറായിരിക്കുന്നു. ഡെട്രോയ് നഗരത്തിലാണ് സാത്താന്റെ ആരാധനാലയം. ഇവിടെ സ്ഥാപിച്ചിട്ടുള്ള സാത്താന്റെ വെങ്കല പ്രതിമയ്‌ക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ തമ്പടിക്കുമ്പോള്‍, സാത്താനെ നേരില്‍ക്കാണാന്‍ ആരാധകരുടെ ഒഴുക്ക് തുടരുകയാണ്.

ഒക്കലഹോമയിലെ 10 കമാന്‍ഡ്‌മെന്റ്‌സ് പ്രതിമയ്ക്ക് അടുത്തുതന്നെ സാത്താന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു ആദ്യം ശ്രമിച്ചിരുന്നത്. അത് നടക്കാതെ വന്നതോടെയാണ് ഡെട്രോയിയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ ഭൂമിയില്‍ ബൈബിള്‍ പ്രമേയമാക്കിയുള്ള ഡിസ്‌പ്ലേകളെ എതിര്‍ക്കന്ന സംഘടനയാണ് സാത്താന്റെ പ്രതിമയ്ക്ക് പിന്നില്‍. അവസാന നിമിഷം വരെ എവിടെയാകും പ്രതിമ സ്ഥാപിക്കുകയെന്ന കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

ഒരു ടണ്ണോളം ഭാരമുള്ള പ്രതിമയാണ് സാത്താന്‍ പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഡെട്രോയി നദിക്കരികെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു പ്രതിമാ അനാഛാദനം. ഇതിന് സാക്ഷികളാവാന്‍ ഒട്ടേറെ സാത്താന്‍ ആരാധകരാണ് എത്തിയത്. എട്ടടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദനച്ചടങ്ങ് ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധനാ ചടങ്ങായി മാറിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.ടിക്കറ്റുവച്ചായിരുന്നു ചടങ്ങിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. 25 ഡോളറായിരുന്നു (1600 രൂപ) ടിക്കറ്റ് നിരക്ക്. ചെകുത്താനൊപ്പം നൃത്തം ചെയ്യാനും കോലാഹലത്തിന്റെ രാത്രി സൃഷ്ടിക്കാനും വരിക എന്നാണ് സംഘാടകര്‍ സാത്താന്‍ പ്രേമികളെ അറിയിച്ചിരുന്നത്. ഇമെയില്‍ വഴിയായിരുന്നു ക്ഷണക്കത്തുകള്‍ അയച്ചിരുന്നത്. ടിക്കറ്റ് സ്വന്തമാക്കിയവരെ മാത്രമാണ് എവിടെയാണ് സാത്താന്‍ ക്ഷേത്രം സ്ഥാപിക്കുകയെന്ന് അറിയിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: