സാങ്കേതിക വിദ്യകള്‍ വളരുമ്പോഴും കപ്പലപകടങ്ങള്‍ക്ക് കുറവില്ല

സമുദ്രം അതിവിശാലമായി തുടരുമ്പോഴും കപ്പലോട്ട സാങ്കേതികവിദ്യകള്‍ വളരെയധികം പുരോഗമിച്ചിട്ടും കപ്പലപകടങ്ങള്‍ക്ക് കുറവില്ല. കഴിഞ്ഞ ദിവസം യുഎസ് നാവികസേനാ കപ്പലും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച സംഭവം സമുദ്രയാത്രയിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ അവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ആഴ്ച മലേഷ്യക്കടുത്താണ് യുഎസ് യുദ്ധക്കപ്പലായ ജോണ്‍ എസ് മക്കെയ്ന്‍, അല്‍നിക് മക് എന്ന കൂറ്റന്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ 10 നാവികരെ കാണാതായി. രണ്ടു മാസം മുമ്പ് ജപ്പാനടുത്തു വെച്ചും സമാന സംഭവമുണ്ടായി. ചരക്കുകപ്പലുമായി യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡ് എന്ന യുദ്ധക്കപ്പല്‍ കൂട്ടിയിടിക്കുകയും ഏഴു നാവികര്‍ മരിക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ട കപ്പലുകളില്‍ വിപുലവും അത്യന്താധുനികവുമായ സാങ്കേതികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

റഡാര്‍ സംവിധാനം, ജിപിഎസ് ട്രാക്കിംഗ്, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍, റേഡിയോ വിനിമയസൗകര്യങ്ങള്‍ എന്നിവയടക്കമുള്ള സാങ്കേതികവിദ്യകളാണ് സ്ഥാപിച്ചിരുന്നത്. എന്നിട്ടും കൂട്ടിയിടി ഒഴിവാക്കാനായില്ല. ഭാവിയില്‍ ഇത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ എടുക്കണമെന്ന ആലോചനകളാണ് സമുദ്രമേഖലയുമായി ബന്ധപ്പെട്ടു നടക്കുന്നത്.

റഡാര്‍ വാച്ച്, വിഷ്വല്‍ ലുക്ക്ഔട്ട് പോലുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്റ്ററി ഓഫ് മിലിട്ടറി സയന്‍സസ്, പീറ്റര്‍ റോബര്‍ട്സ് പറയുന്നു. കപ്പല്‍ ജീവനക്കാരേക്കാള്‍ വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വാണിജ്യ കപ്പലുകളില്‍ നിരീക്ഷണത്തിന് വലിയ ശ്രദ്ധ കല്‍പ്പിക്കാറില്ലെന്നാണ് അനുഭവമെന്ന് റോബര്‍ട്സ് പറയുന്നു. ആരും സ്ഥിരമായി നിരീക്ഷണത്തിന് ഇരിക്കാറില്ല. റഡാറുമായി ബന്ധിപ്പിച്ച അലാറത്തെയാണ് മിക്കവാറും ആശ്രയിക്കുന്നത്. അലാറം മുഴങ്ങുന്നതു കേട്ട് ആരെങ്കിലും സ്‌ക്രീനില്‍ നോക്കുമ്പോഴാകും അടുത്തുവരുന്ന കപ്പല്‍ കാണുക.

കൂട്ടിയിടിസാധ്യത മാത്രമല്ല നാവികര്‍ നേരിടുന്ന ഭീഷണി. കപ്പലിനു തീപിടിക്കുന്ന സംഭവങ്ങളും ഈയിടെ ധാരാളമായി ഉണ്ടായിരിക്കുന്നു. കാനറി ദ്വീപുകള്‍ക്കു സമീപം ബ്രിട്ടിഷ് ചരക്കു കപ്പലായ എം വി ചെഷയറിനു സംഭവിച്ചത് ഉദാഹരണം. വളം കയറ്റി പോകുകയായിരുന്ന കപ്പല്‍ തീപിടിച്ചു മുങ്ങിപ്പോയെങ്കിലും ജീവനക്കാരെയെല്ലാം വായുമാര്‍ഗം രക്ഷപെടുത്താനായി. സമുദ്രങ്ങള്‍ കൂടുതല്‍ തിരക്കേറിയവയായി തീരുകയും ആഗോളാടിസ്ഥാനത്തില്‍ വാണിജ്യക്കപ്പലുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.

ബ്രിട്ടന്റെ കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം വരെ 58,000 വാണിജ്യകപ്പലുകളാണ് ലോകത്തുള്ളത്. കപ്പലുകളുടെ വലുപ്പമാകട്ടെ, വഹിക്കുന്ന ഭാരത്തിന്റെ അടിസ്ഥാനത്തില്‍ 2004-നേക്കാള്‍ ഇരട്ടിയായി. ഈ സാഹചര്യത്തില്‍ കൂട്ടിയിടികള്‍ കൂടുമോ എന്ന ആശങ്ക വര്‍ധിച്ചിരിക്കുന്നു. 2008-ലെ സാമ്പത്തികമാന്ദ്യം നിരവധി കപ്പല്‍ കമ്പനികളെ ബാധിക്കുകയും ജീവനക്കാരുടെ നിയമനം കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. പരിജ്ഞാനമുള്ള, മികച്ച നാവികരെ മാത്രം ജോലിക്കെടുക്കാന്‍ അവര്‍ ശ്രദ്ധിച്ചു. തല്‍ഫലമായി ഏതൊരു കപ്പലിലെയും ജീവനക്കാര്‍ വിവിധ ദേശ, ഭാഷ, സംസ്‌കാരങ്ങളുടെ ഒരു മിശ്രിതമായി മാറി. ഈ കൂട്ടായ്മ കപ്പലുകളിലെ ജോലി കൂടുതല്‍ സുരക്ഷിതവും മികവുമുള്ളതാക്കിത്തീര്‍ത്തു.

ആധുനിക നാവികരുടെ സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വമാണ് ഈ ഘട്ടത്തില്‍ ഉയര്‍ന്ന വലിയ ആശങ്കയായി ബാള്‍ട്ടിക് രാജ്യാന്തര സമുദ്രമേഖലാസമിതി സാങ്കേതികവിഭാഗം മേധാവി ആരോണ്‍ സൊയേണ്‍സെന്‍ ചൂണ്ടിക്കാട്ടുന്നത്. ഉപകരണങ്ങളുടെ ആധിക്യം ഇന്നു വര്‍ധിച്ചിട്ടുണ്ടെങ്കിലും അവയേക്കാള്‍ ചുറ്റുപാടും മാറിവരുന്ന സാഹചര്യങ്ങളിലാണ് ശ്രദ്ധയര്‍പ്പിക്കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. കപ്പല്‍ കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സമുദ്രമേഖലയിലെ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കപ്പല്‍പ്പാതകളിലെ തിരക്കൊഴിവാക്കുകയാണ് ഒരു മാര്‍ഗം. ഒരേ ദിശയിലേക്കുള്ള കപ്പലുകളുടെ ഗതാഗതം കൂടുതല്‍ പാതകളുണ്ടാക്കി വേര്‍തിരിച്ചുവിടണം. ഇത്തരത്തിലുള്ള ആദ്യ പാതയാണ് ഇംഗ്ലീഷ് ചാനലിലെ ഡോവര്‍ ഇടുക്ക്. നൂറോളം കപ്പല്‍പ്പാതകളാണ് ഇന്നു ലോകത്തുള്ളത്. എല്ലാവരുടെയും താല്‍പര്യപ്രകാരമാണ് കൂട്ടിയിടികള്‍ ഒഴിവാക്കുന്നത്. രാജ്യാന്തര നിയമപ്രകാരം അപകടത്തില്‍പ്പെടുന്ന കപ്പലുകളുടെ കമ്പനികളാണ് ബാധ്യത പങ്കിടേണ്ടത്. സ്വന്തം കപ്പല്‍ നേരായ പാതയിലാണു സഞ്ചരിക്കുന്നതെങ്കില്‍ക്കൂടിയും കൂട്ടിയിടി ഒഴിവാക്കേണ്ട ബാധ്യത കപ്പിത്താന്മാര്‍ക്കാണെന്നു ചുരുക്കം.

കൂട്ടിയിടി നടന്നാലുടന്‍ കപ്പലിലെ ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കപ്പലിലേക്കു കയറുന്ന വെള്ളം പുറത്തേക്കു പമ്പ് ചെയ്ത് കളയണം. ഈ സമയത്ത് കപ്പല്‍ താല്‍ക്കാലികമായി നങ്കൂരമിടേണ്ടി വന്നേക്കാം. കപ്പലില്‍ വെള്ളം നിറഞ്ഞ് ഭാരം കൂടാനിടയുണ്ട്. ഭിത്തികള്‍, മേല്‍ത്തട്ട്, കീഴ്ത്തട്ട് എന്നിവയെല്ലാം വെള്ളം കയറി നിറയും. ഈ സമയം കൂടുതല്‍ സഹായം വേണ്ടിവരും. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ പിന്തുണയ്ക്കായി എല്ലാ വഴികളും നോക്കുക.

ഇന്ധനക്കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് മക്ക്ലെയ്ന്റെ കാര്യമെടുത്താല്‍, അവര്‍ക്ക് ഏറ്റവുമടുത്തുള്ള യുഎസ് വിമാനവാഹിനിക്കപ്പലിന്റെ സഹായം ലഭിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വലുതാകാതിരിക്കാനുള്ള കാരണം. കൂടുതല്‍ പമ്പുകളും, വിദഗ്ധരുടെ സഹായവും, ഹെലികോപ്റ്ററുകളും എത്തിക്കാനായതിനാലാണ് കപ്പലിനെ തീരത്തടുപ്പിക്കാനായത്. കപ്പല്‍ശാലയിലെത്തിച്ച ഉടന്‍ പ്ലേറ്റുകള്‍ വെല്‍ഡ് ചെയ്ത് ഇടികൊണ്ടു തകര്‍ന്നയിടം പൂര്‍വ്വസ്ഥിതിയിലാക്കണം.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: