സാക്ഷര കേരളത്തിലെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക പീഡനങ്ങള്‍ ആശങ്ക ഉണര്‍ത്തുന്നു

കേരള സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് കുണ്ടറയില്‍ പത്ത് വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശന്‍ ആണെന്ന വാര്‍ത്ത കേരളത്തെ സംബന്ധിച്ച് ഏറെ ആഴത്തിലേറ്റിരിക്കുന്ന ഒരു മുറിവാണ്. സമീപകാലത്തെ സ്ത്രീപീഡനക്കേസുകളിലെയും പീഡോഫീല്‍ കേസുകളിലെയും ഏറ്റവും നിഷ്ഠൂരനായ പ്രതിയായി ഇയാള്‍ മാറിക്കഴിഞ്ഞു. തിരക്കേറിയ ജീവിതത്തില്‍ മക്കളെ സ്വന്തം മാതാപിതാക്കളെ പോലും ഏല്‍പ്പിച്ചിട്ട് പോകാനാകാത്ത ആശങ്കയിലേക്കാണ് ഈ ‘മുത്തശ്ശന്‍?’ നമ്മെ നയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന പന്ത്രണ്ടാമത്തെ ആളാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റിലായതോടെയാണ് സമീപകാലത്ത് കേരളത്തില്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂടുതലായി ഉയരാന്‍ തുടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വികാരിയായിരുന്നു അറസ്റ്റിലായ ഫാ. റോബിന്‍ വടക്കാഞ്ചേരി. 16-കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ഫെബ്രുവരി 27നാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന് പണം നല്‍കി ഗര്‍ഭം അദ്ദേഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ഒരു ശ്രമവും ഇയാള്‍ നടത്തിയിരുന്നു. കുണ്ടറയിലും മുത്തശ്ശന്‍ കുറ്റം കുട്ടിയുടെ അച്ഛന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്.

മാര്‍ച്ച് ഏഴിന് വയനാട്ടില്‍ തന്നെ മുട്ടില്‍ എന്ന സ്ഥലത്ത് ആറ് പേര്‍ അറസ്റ്റിലായതായിരുന്നു തൊട്ടടുത്ത സംഭവം. ഇവര്‍ ഒരു അനാഥാലയത്തിലെ അന്തേവാസികളും പ്രായപൂര്‍ത്തിയാകാത്തവരുമായ ഏഴ് പെണ്‍കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് കടയിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞ രണ്ട് മാസമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിലാണ് ഇതിന് മുമ്പ് നടന്ന അറസ്റ്റുണ്ടായത്. ഇപ്പോള്‍ പ്രതിയാണെന്ന് കണ്ടെത്തിയ മുത്തശ്ശനും കുട്ടിയുടെ അമ്മയും കുട്ടിയുടെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പോലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. കേസിന്റെ വാസ്തവത്തെക്കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.

രാജ്യത്തെ ഏറ്റവും സാക്ഷരമായ സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങളെല്ലാം. അതേസമയം കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ ഇതിനേക്കാള്‍ ഭയാനകമാണ്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ അബ്യൂസ് (പോസ്‌കോ) നിയമമാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പ്രതികള്‍ക്ക് മേല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2016ല്‍ 2093 കേസുകള്‍ പോസ്‌കോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നത്.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലൈംഗിക അതിക്രമ കേസുകളില്‍ ഏതാണ്ട് എല്ലാം തന്നെ കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ശോഭ കോശി വെളിപ്പെടുത്തുന്നു. ഇത്തരം കേസുകള്‍ കേരളത്തില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അവിടങ്ങളിലൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം.

 
എ എം

Share this news

Leave a Reply

%d bloggers like this: