സാം എബ്രഹാം കൊലപാതകം; ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവും തടവ്

മെല്‍ബണ്‍: മലയാളി സമൂഹത്തെ ഞെട്ടിച്ച സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.

2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്.

സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്.

പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.

സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു. വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്‌ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടെയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുണ്‍ ഓസ്‌ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി.

സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതായിരുന്നു. അരുണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം ഉപയോഗിച്ചാണു സോഫിയ അരുണുമായി സംസാരിച്ചിരുന്നത്. ഇതു സംബന്ധിച്ച തെളിവുകളും പ്രേസിക്യൂഷന്‍ കോടതിയില്‍ ഹാരാക്കിയിരുന്നു. മരിച്ചു കിടക്കുന്ന സാമിന്റെ സമീപത്തു ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതു ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമും സോഫിയയും മകനും ഒരേ കട്ടിലിലാണ് കിടന്ന് ഉറങ്ങിയത് എന്നും സോഫിയയല്ല കൊലപ്പെടുത്തിയത് എങ്കിലും എന്താണു സംഭവിക്കുന്നത് എന്ന ഇവര്‍ക്കു വ്യക്തമായി അറിയാമായിരുന്നു എന്നും പ്രേസിക്യൂഷന്‍ വാദിച്ചിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: