സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ അവതാരകന്‍ അറസ്റ്റിലായി. ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് ആണ് അറസ്റ്റിലായത്. മാതൃഭൂമി ചാനല്‍ തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

ഇന്നലെ രാത്രി തിരുവനന്തപുരം വഞ്ചിയൂരുള്ള ഫ്ളാറ്റില്‍ നിന്നും വഞ്ചിയൂര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മാതൃഭൂമി ന്യൂസ് അറിയിച്ചു. ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചാനലിലെ അസിസ്റ്റന്‍ഡ് പ്രൊഡ്യൂസറാണ് പരാതിക്കാരിയായ യുവതി.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹിതനാണെങ്കിലും കുടുംബ ജീവിതത്തില്‍ ധാരാളം പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവതിയുമായി അടുത്തത്. തുടര്‍ന്ന് രാത്രി ഷിഫ്റ്റിനിടെ ഫോണ്‍ സെക്സ് പതിവായി. ഓഫീസിലും ലിഫ്റ്റിലും കാറിലും വച്ചായിരുന്നു പീഡനങ്ങള്‍. ഒരു ഭാര്യയോടെന്ന നിലയിലാണ് ഇയാള്‍ തന്നോട് പെരുമാറിയിരുന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം അമല്‍ വിഷ്ണുദാസ് ഇവരെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഓഫീസിലെ അടുത്തടുത്തുണ്ടായിരുന്ന സീറ്റുകള്‍ പോലും മാറി. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നായിരുന്നു ലഭിച്ച മറുപടി.

ഏഷ്യാനെറ്റ് ന്യൂസില്‍ 4ജി എന്ന വാര്‍ത്താ പരിപാടി അവതരിപ്പിച്ചിരുന്നത് അമല്‍ ആണ്. പിന്നീട് മാതൃഭൂമി ന്യൂസിലെത്തിയ ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ന്യൂസ് എഡിറ്റര്‍ പദവിയില്‍ നിന്നും സീനിയര്‍ ന്യൂസ് എഡിറ്റര്‍ പദവിയിലെത്തിയത്. പിതാവിന്റെ ചികിത്സയ്ക്കെന്ന പേരില്‍ ഇയാള്‍ തന്റെ പക്കല്‍ നിന്നും ധാരാളം പണവും വാങ്ങിയിട്ടുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച അമല്‍ പീഡന വിവരം പുറത്തുപറഞ്ഞാല്‍ ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തി.

മാതൃഭൂമി മാനേജ്മെന്റിനോ സ്ഥാപനത്തിലെ വനിത കംപ്ലെയിന്റ് കമ്മിറ്റിക്കോ പരാതി നല്‍കാതെയാണ് യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. ഈ പരാതി വഞ്ചിയൂര്‍ പോലീസിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് അമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം യുവതിയെ പരാതിയില്‍ നിന്നും പിന്‍വലിക്കാന്‍ പലരും ശ്രമിച്ചതായും എന്നാല്‍ അവര്‍ അതിന് വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മാതൃഭൂമി ന്യൂസ് മാനേജ്മെന്റ് അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: