സര്‍ക്കാറിന് വന്‍ തിരിച്ചടി;സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി

ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് കനത്ത പ്രഹരം. ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് സെന്‍കുമാറിനെ മാറ്റാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ജൂണ്‍ 30 വരെ സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമനം നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ചരിത്രപരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇക്കാര്യം കോടതി തള്ളികളയുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണു സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തികളില്‍ ജനത്തിനു അതൃപ്തിയുണ്ടായാല്‍ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ സര്‍ക്കാരിനു അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

ജിഷാകേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍പോലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും പുറ്റിങ്ങല്‍ അപകടത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായതായും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെന്‍കുമാര്‍ ശ്രമിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു. നിയമനം നല്‍കി രണ്ടുവര്‍ഷത്തേക്ക് സ്ഥലംമാറ്റരുതെന്ന പ്രകാശ് സിങ് കേസിലെ നിര്‍ദേശം സെന്‍കുമാറിന്റെ കാര്യത്തില്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളികളയുകയായിരുന്നു.

വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും പടിയിറക്കപ്പെട്ട സംസ്ഥാന പൊലീസ് മേധാവി തസ്തികയില്‍ വീണ്ടും സെന്‍കുമാര്‍ തിരിച്ചെത്തും. നിലവിലെ പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയില്‍ തുടരും. പിണറായി സര്‍ക്കാരിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. യുഡിഎഫ് നേതൃത്ത്വവുമായി അടുത്ത ബന്ധമുള്ള സെന്‍കുമാര്‍ ഇപ്പോള്‍ ബിജെപിക്കും വളരെ പ്രിയപ്പെട്ടവനാണ്.സെന്‍കുമാറിനു വേണ്ടി അടുത്തയിടെ ശക്തമായി ബിജെപി രംഗത്തു വന്നിരുന്നു ഇനി സംസ്ഥാനത്തെ ക്രമസമാധാന ചുമതല സര്‍ക്കാര്‍ വേട്ടയാടിയ ഡിജിപിയുടെ ചുമതലയില്‍ എത്തുമ്‌ബോമ്പോള്‍ അത് സിപിഎമ്മിനും രാഷ്ട്രീയപരമായി വലിയ വെല്ലുവിളിയാകും.
സെന്‍കുമാര്‍ ഉടന്‍ തന്നെ ചാര്‍ജെടുക്കുമെന്നാണ് സൂചന.

നിലവിലെ വെല്ലുവിളി അതിജീവിക്കാന്‍ ഉടന്‍ തന്നെ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണി നടത്താനാണ് സര്‍ക്കാറിന്റെ നീക്കം. ജൂണ്‍ വരെയാണ് സെന്‍കുമാറിന്റെ വിരമിക്കല്‍ കാലാവധി. ഇതിനിടക്ക് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നടപടി സംസ്ഥാന പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയ കുരുക്കാവും. സംസ്ഥാന പൊലീസ് ശക്തമായ വിമര്‍ശനം നേരിടുന്ന പശ്ചാതലത്തില്‍ സെന്‍കുമാറിന്റെ തിരിച്ചുവരവിനെ ആകാംക്ഷയോടെയാണ് സേന ഉറ്റുനോക്കുന്നത്.പൊതുവെ കര്‍ക്കശകാരനായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന സെന്‍കുമാര്‍ സര്‍ക്കാറുമായി ഏറ്റുമുട്ടുമോ എന്ന ആശങ്കയും വ്യാപകമാണ്. സിഎടിയും ഹൈക്കോടതിയും തളളിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: