സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിടപാട് കേന്ദ്രീകൃത ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വാങ്ങലും വിതരണവും ഉള്‍പ്പെടെ നടപടി കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. സുതാര്യ നടപടികളിലൂടെ മരുന്നുകള്‍ അര്‍ഹരായവരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച ഫാര്‍മസികള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കും.

സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രഗ് ഡ്രിസ്ട്രിബ്യൂഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡി.എം.എസ്) എന്ന പേരില്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പ്രോഗ്രാമും പ്രത്യേക സോഫ്‌റ്റ്വെയറും വികസിപ്പിച്ചു. മരുന്ന് വാങ്ങലും വിതരണവും കുറ്റമറ്റതാക്കാനും മരുന്നുകള്‍ കാലാവധി കഴിഞ്ഞുപോകുന്നതുമൂലമുള്ള നഷ്ടം ഒഴിവാക്കാനും മരുന്നുക്ഷാമം പരിഹരിക്കാനും സംവിധാനം സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

വാങ്ങല്‍ മുതല്‍ വിതരണംവരെ എല്ലാ ഘട്ടങ്ങളിലും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന മേന്മ. പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, സ്റ്റോര്‍ സൂപ്രണ്ടുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്കും മരുന്ന് വാങ്ങുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി) അധികൃതര്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

സംവിധാനമനുസരിച്ച് ആദ്യം ആശുപത്രികള്‍ ഡി.ഡി.എം.എസ് സോഫ്‌റ്റ്വെയര്‍ വഴി വാര്‍ഷിക ഇന്‍ഡന്റ് തയാറാക്കും. ആരോഗ്യ ഡയറക്ടറേറ്റ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ജില്ല, സംസ്ഥാന തലങ്ങളില്‍ ഇതു സൂക്ഷ്മ പരിശോധന നടത്തിയശേഷം ഡി.ഡി.എം.എസ് വഴി കെ.എം.എസ്.സിക്ക് കൈമാറും. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ അംഗീകൃത ഇന്‍ഡന്റ് പ്രകാരം ഡി.ഡി.എം.എസ് വഴി മരുന്ന് വാങ്ങി വിതരണം ചെയ്യും. ആശുപത്രി ഫാര്‍മസികളില്‍നിന്ന് വാര്‍ഡുകളിലേക്കുള്ള മരുന്ന് വിതരണം, മറ്റു സ്ഥാപനങ്ങളില്‍നിന്ന് മരുന്ന് വാങ്ങലും അവക്ക് നല്‍കലും എന്നിവയും പുതിയ സംവിധാനം വഴിയായിരിക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ പരിശീലനം നല്‍കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: