സമൃദ്ധിയുടെ കണിക്കാഴ്ചകള്‍ ഒരുക്കി ഇന്ന് വിഷു.

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും സന്തോഷവും പ്രതീക്ഷിച്ചാണ് മലയാളി വിഷുവിനെ വരവേല്‍ക്കുന്നത്. വിഷുക്കണിയ്ക്ക് മതാതീതമായ ഒരു പശ്ചാത്തലമുണ്ട്. കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമെല്ലാം എന്നേ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു പ്രതീകമായി ഒരുക്കി വയ്ക്കുകയാണ് പുതുതലമുറ. കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നുണ്ട്. കാരണം അവര്‍ക്കിത് വെറുമൊരു വിഷുവല്ല കൈമോശം വന്ന നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ്.

വിഷു ആഘോഷിക്കുന്നത് മറുനാട്ടില്‍ വെച്ചാണെങ്കിലും ആഘോഷത്തിന്റെ പൊലിമ ഒട്ടു കുറയ്ക്കാറില്ല മറുനാടന്‍ മലയാളികള്‍. കണിവെള്ളരിയും, എന്തിന് കണിക്കൊന്ന വരെ ഷോപ്പിങ് മാളുകളില്‍ സുലഭമായി കിട്ടുമ്പോള്‍ എന്തിന് കുറയ്ക്കണം ആഘോഷ പൊലിമ എന്നാണിവര്‍ ചോദിക്കുന്നത്. വിഷുസദ്യയൊരുക്കിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചും വളരെ വിപുലമായി തന്നെ പ്രവാസികള്‍ വിഷു ആഘോഷിക്കും.

മലയാളി അസോസിയേഷനുകള്‍ വിഷു ആഘോഷിക്കുന്നതില്‍ പരസ്പരം മത്സരിക്കാറുണ്ടെങ്കിലും, കൂടുതലാളുകളും സുഹൃത്തുക്കളുടെ വീടുകളിലും പാര്‍ക്കുകളിലൊക്കെ ഒത്തുകൂടി വിഷു ആഘോഷിക്കാനും ഓര്‍മ്മകള്‍ അയവിറക്കാനും ആണിഷ്ടപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാര്‍ പരസ്പരം മത്സരിച്ചു പങ്കുവെക്കുന്ന കുട്ടിക്കാലത്തെ വിഷു ഓര്‍മ്മകളിലൂടെയാണ് പുതിയ തലമുറ വിഷു അറിയുന്നത്.

മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. കൈവിട്ടുപോയ കാര്‍ഷിക കേരളത്തിന്റെ നല്ല കാഴ്ചകളെ മുഴുവന്‍ ഓട്ടുരുളിയില്‍ ചേര്‍ത്ത് വച്ച് ഇനിയൊരാണ്ടിനെ ഐശ്വര്യ പൂര്‍ണമാക്കുകയാണ് മലയാളി. ഏവര്‍ക്കും സ്നേഹവും ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരായിരം വിഷു ആശംസകള്‍…

Share this news

Leave a Reply

%d bloggers like this: