സമാധാന നോബേല്‍ ടൂണീഷ്യന്‍ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സംഘടനക്ക്

ഓസ്‌ലോ:  ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വര്‍ഡെറ്റിന് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം .  ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിനാണ് ഈ കൂട്ടായ്മയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ സമാധാന കമ്മിറ്റി അറിയിച്ചു.അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന്‌ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിലെത്തിച്ചത്.

മുല്ലപ്പൂ വിപ്ലവത്തിനുശേഷം ടുണീഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റാണെന്നു പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ സമാധാന കമ്മിറ്റി വ്യക്തമാക്കി. ഈജിപ്ത്, യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിച്ചത് ടുണിഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തോടെയായിരുന്നു.

2013ല്‍ നാലു സംഘടനകള്‍ ചേര്‍ന്നാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. യുജിറ്റിറ്റി, യുറ്റിഐസിഎ, എല്‍റ്റിഡിഎച്ച്, ടൂണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നീ സംഘടനകളാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന് പിന്നില്‍. സമാധാന നൊബേല്‍ നേടുന്ന 27-ാമത്തെ സംഘടനയാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റ്. നൊബേല്‍ സമാധാന സമ്മാനം നല്‍കാനാരംഭിച്ചതു മുതല്‍ ഇതുവരെ 129 പുരസ്‌കാര ജേതാക്കള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 103 വ്യക്തികളും 26 സംഘടനകളും ഉള്‍പ്പെടുന്നു.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ കത്തോലിക്ക വൈദികന്‍ മുസൈ സെറെ, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, കൊളംബിയന്‍ റെവലൂഷണറി ആംഡ് ഫോഴ്‌സ് നേതാവ് ടിമോലീന്‍ ജിമെന്‍സ്, റഷ്യന്‍ പത്രം നൊവായയുടെ പത്രാധിപര്‍ ദിമിത്രി മുറാദോവ്, എഡ്വാര്‍ഡ് സ്‌നോഡന്‍ തുടങ്ങിയവരെ പിന്തള്ളിയാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റ് പുരസ്‌കാരം നേടിയത്.

 

Share this news

Leave a Reply

%d bloggers like this: