സഭാതര്‍ക്കം : പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍

കോട്ടയം: അനിശ്ചിതമായി തുടരുന്ന സഭാതര്‍ക്കം മൂലം പത്തുദിവസം മുമ്പ് മരിച്ച വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലയുന്നു. കറ്റാനം കട്ടച്ചിറ പളളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹമാണ് പത്തു ദിവസമായിട്ടും സംസ്‌കരിക്കാനാകാതെ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് യാക്കോബായ അംഗമായ വര്‍ഗീസ് മാത്യു മരിച്ചത്. ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുമില്ല.

യാക്കോബായ വൈദികനായ ചെറുമകന് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അന്ത്യശുശ്രൂഷ നടത്തണമെന്ന ആവശ്യമാണ് തര്‍ക്കത്തിനിടയാക്കിയത്. പളളി ഇരുപക്ഷത്തിനും വിട്ടു നല്‍കാതെ ജില്ലാ ഭരണകൂടത്തിന്റെ കയ്യിലാണ്. താക്കോല്‍ യാക്കോബായ ട്രസ്റ്റിയുടെ കയ്യിലും. യാക്കോബായ വിഭാഗക്കാര്‍ മരിച്ചാല്‍ പളളിയില്‍ ശ്രൂശ്രൂഷ അനുവദിക്കുന്നില്ലെന്നാണ് പരാതി. പളളിക്ക് സമീപമുളള കുരിശടിക്ക് മുന്നില്‍ വെച്ചാണ് ശ്രൂശ്രൂഷ നല്‍കുന്നത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തില്‍ മുന്‍പ് രണ്ട് സംസ്‌കാരങ്ങള്‍ നടത്തിയിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വര്‍ഗ്ഗീസ് മാത്യുവിന്റെ സംസ്‌കാരം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൃതദേഹം പളളിക്ക് 200 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. രാവിലെ 11 മുതല്‍ രാത്രി 7.30 വരെ മൃതദേഹവുമായി കാത്തിരുന്നെങ്കിലും സംസ്‌കാരിക്കാന്‍ അനുമതി ലഭിച്ചില്ല.

Share this news

Leave a Reply

%d bloggers like this: