സഭയുടെ ഇംപീച്ച്മെന്റ് അന്വേഷണവുമായി പെന്റഗണ്‍ സഹകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി.

ഇംപീച്ച്‌മെന്റ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി. എന്നാല്‍ താന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തടയാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഉക്രൈനിന് യുഎസ് നേരത്തെ പ്രഖ്യാപിച്ച സൈനിക സഹായം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ബന്ധപ്പെട്ട അന്വേഷണ സമിതിക്കു മുന്‍പില്‍ ഹാജരാക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

‘കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യും’ എന്നാണ് പ്രതിരോധ സെക്രട്ടറി എസ്പര്‍ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. അന്വേഷണ സമിതി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുവാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ അതു നടക്കാതിരിക്കാന്‍ ട്രംപും മറ്റ് ഉദ്യോഗസ്ഥരും സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കുമെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറയുകയും ചെയ്തു. ‘രേഖകള്‍ ഹാജരാക്കുന്നതിന് ആന്തരികമായി എന്തൊക്കെ നിയന്ത്രണങ്ങളുണ്ടെന്ന് എനിക്കറിയില്ല. അതില്‍ വൈറ്റ് ഹൌസിനും ഇടപെടാം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഇംപീച്ച്മെന്റ് അന്വേഷണവുമായി സഹകരിക്കില്ലെന്നതാണ് ട്രംപിന്റെയും വൈറ്റ് ഹൌസിന്റെയും നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അന്വേഷണവുമായി മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.

അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് എതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ട്രംപ് ഉക്രെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച 250 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കില്ലെന്ന് ട്രംപ് പറഞ്ഞുവെന്നാണ് ആരോപണം. അതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണം നടത്തുന്ന മൂന്ന് ഹൌസ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എസ്പറിനോട് ഒക്ടോബര്‍ 7-ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 15 വരെ സമയവും നല്‍കി. മതിയായ രേഖകള്‍ സഹിതം ഹാജരാകാത്ത പക്ഷം അത് സഭയുടെ ഇംപീച്ച്മെന്റ് അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നതിന്റെ തെളിവായി പരിഗണിക്കപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, അന്വേഷണ സംഘത്തിന്റെ ഉത്തരവു വന്നതിനു തൊട്ടുപിറകെ അന്വേഷണത്തോട് സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി ട്രംപിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. ‘നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ല, ന്യായത്തിന്റെ കണികപോലുമില്ല, പ്രാഥമികമായ നടപടികള്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്‍ കഴിയില്ല’ എന്നാണ് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് അയച്ച എട്ടു പേജുകളുള്ള കത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഉക്രൈന് നല്‍കുമെന്ന് പറഞ്ഞ സൈനിക സഹായം തടഞ്ഞുവെച്ചത് എന്നതു സംബന്ധിച്ച് ട്രംപ് പെന്റഗണിനോട് എന്തെങ്കിലും വിശദീകരണം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് എസ്പര്‍ മറുപടി പറഞ്ഞില്ല. ‘അതുമായി ബന്ധപ്പെട്ട് എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Share this news

Leave a Reply

%d bloggers like this: