സനയ്ക്ക് വേണ്ടി കൈകോര്‍ത്തവര്‍ വിതുമ്പുന്നു’; നാടിനാകെ നൊമ്പരമായി സന ഫാത്തിമ

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ മൂന്നരവയസുകാരി സന ഫാത്തിമക്ക് വേണ്ടി ഒരു ഗ്രാമം മുഴുവനാണ് കൈകോര്‍ത്തത്. പകലെന്നോരാത്രിയെന്നോ വ്യത്യാസമില്ലാതെ അവര്‍ ഒന്നിച്ചണിനിരന്ന് സനയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തി. ഏഴ് ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയോടെ പാണത്തൂര്‍ പുഴയുടെ കൈവഴിയായ പവിത്രം കയത്തില്‍ നിന്നും സനയുടെ മരവിച്ച മൃതദേഹം ലഭിച്ചു. തെരച്ചില്‍ വിഫലമായി എന്നോര്‍ത്തല്ല, അവളെ തിരിച്ചുകിട്ടിയില്ലല്ലോ എന്നോര്‍ത്ത് അവിടെ കൂടിയവര്‍ ആകെ വിതുമ്പി.

നാട്ടുകാരും ഫയര്‍ഫോഴ്സും ഒരേ മനസോടെ നിന്നിട്ടും സനയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ദേശീയ ദുരന്ത നിവാരണ സേനയെ ഇറക്കി. പാണത്തൂര്‍ പുഴയുടെ ആഴങ്ങളില്‍ അവര്‍ മുങ്ങിത്തപ്പിയെങ്കിലും സനയെ കണ്ടെത്താനായില്ല. ഇതിനിടെ നാടോടി സ്ത്രീകള്‍ക്കൊപ്പം കുട്ടിയുടെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്യസംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഏഴാം ദിവസം സനയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിന്റെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷ അവിടെ അസ്തമിച്ചു.

പാണത്തുര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകളാണ് സന ഫാത്തിമ. വ്യാഴാഴ്ച വൈകീട്ടാണ് സനയെ കാണാതായത്. മൂന്നരയോടെ അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ലഘുഭക്ഷണം കഴിച്ച് മുറ്റത്ത് കളിക്കാനിറങ്ങി. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് സനയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടിയെ തിരഞ്ഞിറങ്ങുകയായിരുന്നു. ഇതിനിടെ വീടിന് സമീപമുള്ള നീര്‍ച്ചാലില്‍ നിന്ന് സനയുടെ കുടയും ചെരിപ്പും ലഭിച്ചിരുന്നു. സന നീര്‍ച്ചാലില്‍ വീണതാകാം എന്ന സംശയം ഉയര്‍ന്നതോടെ ഈ നീര്‍ച്ചാല്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടന്നത്. മൂന്ന് ദിവസത്തോളം ഇവിടെ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നീര്‍ച്ചാല്‍ ചെന്നു ചേരുന്ന പാണത്തൂര്‍ പുഴയിലേക്കും തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു.

സനയ്ക്ക് വേണ്ടി ആ ഗ്രാമം ഒന്നാകെ കൈകോര്‍ത്തു. അവളെ തിരിച്ചുപിടിക്കാനായില്ലെങ്കിലും ആ കുഞ്ഞു മാലാഖയുടെ ആത്മാവിന് ശാന്തിലഭിക്കണേ എന്ന് അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ്.
എ എം

Share this news

Leave a Reply

%d bloggers like this: