സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസത്തിന് ശേഷം യെദിയൂരപ്പയ്ക്ക് മന്ത്രിമാരായി; മന്ത്രിസ്ഥാനം കിട്ടാത്തവര്‍ കലാപവും തുടങ്ങി

ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസത്തിന് ശേഷം മന്ത്രിസഭയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി. നാല് പുതുമുഖങ്ങളടക്കം 17 പേരാണ് മന്ത്രിസഭയിലുള്ളത്. 16 മന്ത്രി സ്ഥാനങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഒഴിച്ചിട്ടിരിക്കുകയാണ്. അതേസമയം മന്ത്രി സ്ഥാനം ലഭിക്കാത്ത എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉമേഷ് കട്ടി, മുരുഗേഷ് നിരാനി, ബാലചന്ദ്ര ജര്‍ക്കിഹോളി, രേണുകാചാര്യ. ബസവരാജ് പാട്ടീല്‍ യത്‌നാല്‍ എന്നിവര്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ജി എച്ച് തിപ്പ റെഡ്ഡി, തന്നെ മന്ത്രിയാക്കാത്തതില്‍ വേദനയുണ്ട് എന്ന് പറഞ്ഞു. നാല് തവണയായി ചിത്രദുര്‍ഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് തിപ്പ റെഡ്ഡി. തന്റെ അതേ വികാരമുള്ള എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ സംസാരിക്കുമെന്നും തിപ്പ റെഡ്ഡി പറഞ്ഞു. തിപ്പ റെഡ്ഡിയുടെ അനുയായികള്‍ ചിത്രദുര്‍ഗയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സുള്ളിയ എംഎല്‍എ എസ് അംഗാരയും അതൃപ്തി വ്യക്തമാക്കി. തന്നെ മന്ത്രിയാക്കാത്തതില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വലിയ അതൃപ്തിയുള്ളതായി അംഗാര പറഞ്ഞു. തീരദേശ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക മേഖലകള്‍ക്കും ചില സമുദായങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല എന്ന പരാതി എംഎല്‍എമാര്‍ക്കുണ്ട്.

കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 17 വിമത എംഎല്‍എമാര്‍ രാജി വച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട പ്രതിസന്ധിക്കും അനിശ്ചിതത്വത്തിനുമൊടവിലാണ് സഖ്യ സര്‍ക്കാരിനെ വിശ്വാസ വോട്ടില്‍ വീഴ്ത്തി ബിജെപി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്. രാജി വച്ച എംഎല്‍എമാരെ സ്പീക്കര്‍ ഈ സഭയുടെ കാലാവധി കഴിയുന്ന 2023 വരെ അയോഗ്യരാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: