സത്യം പറയുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റം ഞാന്‍ ചെയ്തു കൊണ്ടിരിക്കും…കീര്‍ത്തി ആസാദ്

ഡല്‍ഹി: ബിജെപിയില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കീര്‍ത്തി ആസാദ്. പാര്‍ട്ടിക്ക് എതിരയല്ല അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടം. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരുന്ന 1999 മുതല്‍ 2003 വരെയുള്ള കാലത്ത് ഇല്ലാത്ത പതിനാലു കമ്പനികള്‍ക്ക് 87 കോടി രൂപ കൈമാറിയെന്നാണ് ആരോപണം.

സത്യം പറയുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റം ഞാന്‍ ചെയ്തു കൊണ്ടിരിക്കും. കീര്‍ത്തി ആസാദിനെ പിന്തുണച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്തു വന്നിരുന്നു. കത്തിനുള്ള മറുപടി നല്‍കാന്‍ കീര്‍ത്തി ആസാദിനെ സഹായിക്കാമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമിതി ആരോപണം ഉന്നയിക്കുകയും ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടിന് തെളിവു പുറത്തുവിടുകയും ചെയ്തതിനാണ് കീര്‍ത്തി ആസാദ് എംപിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്. കീര്‍ത്തി ആസാദ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് കീര്‍ത്തി ആസാദ് നടത്തിയതെന്ന് ആരോപിച്ചാണ് നടപടി.

അരുണ്‍ ജെയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരുന്ന കാലയളവില്‍ ഇല്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്‍കിയെന്നായിരുന്നു കീര്‍ത്തി ആസാദിന്റെ ആരോപണം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട സിഡി കീര്‍ത്തി ആസാദ് പുറത്ത് വിട്ടിരുന്നു. അഞ്ച് ഭാഗങ്ങളിലായി 28 മിനുട്ട് ദൈര്‍ഘ്യമുള്ള വിക്കിലീക്‌സ് ഇന്ത്യയുടെ ഒളികാമറ ഓപ്പറേഷന്‍ വീഡിയോയാണ് കീര്‍ത്തി ആസാദ് പുറത്തുവിട്ടത്. ഇത് അഴിമതിക്കെതിരായ പോരാട്ടമാണെന്നും തനിക്കാരോടും വ്യക്തിവിരോധം ഇല്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: