സത്ഗമയ ഓണാഘോഷം പ്രൗഡഗംഭീരമായി: വിദ്യാരംഭം സെപ്റ്റംബര്‍ 30 ന്.

ഡബ്‌ളിന്‍: അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി. ഭാരതീയ സംസ്‌കാരങ്ങളിലും, മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിയ്ക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ച്, മലയാളി മങ്കമാര്‍ തിരുവാതിര അവതരിപ്പിച്ചപ്പോള്‍ പ്രവാസിമനസ്സുകളില്‍ എന്തെന്നില്ലാത്ത ആഹ്‌ളാദവും ഒപ്പം ഗൃഹാതുരത്വവുമുണര്‍ത്തി. സെപ്റ്റംബര്‍ 9 ശനിയാഴ്ച ഡബ്ലിനിലെ ക്രംലിന്‍ WSAF ഹാളിലാണ് വര്‍ണ്ണാഭമായ പരിപാടികള്‍ അരങ്ങേറിയത്.എം.കെ.നീലകണ്ഠന്‍ ,ടി .പി. ചെല്ലമ്മ ,കെ.പി.വിജയന്‍,കെ.പി.വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് രാവിലെ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും കലാപരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. അനില്‍കുമാറിന്റെ സ്വാഗത പ്രസംഗത്തെ തുടര്‍ന്ന് അജയന്റെ ഓണസന്ദേശവും ബാലവിഹാര്‍ കുട്ടികളെ പ്രതിനിധീകരിച്ച് ഹാന്‍സ് രൂകേഷ് ഓണാശംസകളും നേര്‍ന്നു. കേരളനടനം ,സിനിമാറ്റിക് ഡാന്‍സ് ,ഓണപ്പാട്ടുകള്‍ ,സത്ഗമയ ഭജന്‍സിന്റെ ഭക്തിഗാന സുധ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ വേദിയെ സമ്പുഷ്ടമാക്കി.വസന്തിന്റെ നേതൃത്വത്തില്‍ സത്ഗമയ അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും,ബാലവിഹാര്‍ കുട്ടികളുടെ പരിപാടികളും കൂടുതല്‍ നിലവാരമുള്ളതാക്കി.വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വൈവിധ്യമാര്‍ന്നകലാ കായിക വിനോദമത്സരങ്ങള്‍ സംഘടിപ്പിയ്ക്കുകയും,മത്സരത്തില്‍ വിജയിച്ച എല്ലാവര്ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വൈകുന്നേരം ദേശീയഗാനത്തോടെ ഓണാഘോഷപരിപാടികള്‍ അവസാനിച്ചു.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൗണ്ടി മീത്തിലെ ക്‌ളോണി പിച്ച് & പുട്ട് ക്ലബ്ബില്‍ വച്ച് സെപ്റ്റംബര്‍ 30 , വിജയദശമി ദിനത്തില്‍ രാവിലെ 11 മണി മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് വിദ്യാരംഭവും സഹസ്രനാമ അര്‍ച്ചനയും,പ്രസാദവിതരണവും നടത്തപ്പെടും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ സംഘാടകരുമായി ബന്ധപ്പെടുക. എല്ലാ മാസവും രണ്ടാം ഞായറാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനയിലും അവസാന ഞായറാഴ്ച കുട്ടികള്‍ക്കായി നടത്തുന്ന ബാലവിഹാറിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0894568383 ,0871496162 ,0876411374 എന്നീ നംബരുകളില്‍ ബന്ധപ്പെടുക

 

Share this news

Leave a Reply

%d bloggers like this: