സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യനഴ്സുമാര്‍

 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിന്. നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിലും വിവിധ ആശുപത്രികളില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യുഎന്‍എ) നേതൃത്വത്തില്‍ സമരത്തിന് ഒരുങ്ങുന്നത്.

ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ നഴ്സുമാരോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് കഴിഞ്ഞതവണത്തെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനിടെയുണ്ടായ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ആശുപത്രി മാനേജ്മെന്റുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തങ്ങളോട് സ്വകാര്യ ആശുപത്രി അധികൃതര്‍ പ്രതികാരനടപടി തുടരുകയാണെന്ന് നഴ്സുമാര്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ മാത്രമായി ആറ് സ്വകാര്യ ആശുപത്രികളില്‍ നിന്ന് നൂറ്റമ്പതോളം നഴ്സുമാരെ പിരിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് നഴ്സുമാര്‍ പ്രതിഷേധപ്രകടനം നടത്തി. വിഷയം പരിഹരിച്ചില്ലെങ്കില്‍ സമരം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്വകാര്യ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെന്ന ന്യായം പറഞ്ഞ് ശമ്പളവര്‍ധനവ് നടപ്പാക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഇതുവരെ തയാറായിട്ടില്ല. ഇതിനിടെയാണ് നഴ്സുമാരെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രതികാരനടപടികളും. ഈ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി സമരം നടത്താനാണ് തീരുമാനമെന്ന് ജാസ്മിന്‍ ഷാ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: