സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്ക് എന്തൊക്കെ ?

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി ചില പ്രഖ്യാപനങ്ങള്‍ .പ്രവാസി സംരഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു.

പ്രവാസികളും നാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപത്തിനും ക്ഷേമത്തിനുമായുള്ള ലോക കേരളസഭയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 81 കോടി രൂപ വകയിരുത്തി. പ്രവാസി ഫെസ്റ്റിവലിന് അഞ്ചു കോടി രൂപ നീക്കി വച്ചു. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും. പുതുതായി ആരംഭിക്കുന്ന കേരള ബാങ്കില്‍ പ്രവാസികള്‍ക്കു നിക്ഷേപം നടത്താം.

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം യുഎഇ കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നു ധനമന്ത്രി തോമസ് ഐസ് ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ ഇതു നടപ്പാകും. ഏതാനും മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ലോകത്ത് ഏതു രാജ്യത്തു നിന്നും ചിട്ടിയില്‍ ചേരാനാകും.

പ്രവാസി ചിട്ടിയില്‍ നിന്നു ലഭിക്കുന്ന സെക്യൂരിറ്റി, ഫ്‌ലോട്ടിങ് പണം, ലേലം വിളിച്ചവരുടെ ഡെപ്പോസിറ്റ് എന്നിവ കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുക. 2019-20ല്‍ കിഫ്ബിയിലേക്കുള്ള ധനസമാഹരണത്തില്‍ ഒരു നിര്‍ണായക പങ്ക് പ്രവാസി ചിട്ടികള്‍ക്കുണ്ടാകും.

പ്രവാസിക്ഷേമ ബോര്‍ഡ് നിക്ഷേപ ഡിവിഡന്റ് പദ്ധതിക്കു രൂപം നല്‍കി. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോടെ സ്ഥിം നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷം കഴിക്കുമ്പോള്‍ പ്രവാസിക്കോ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത തുക മാസവരുമാനം ലഭിക്കും. നിക്ഷേപം കിഫ്ബി പോലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ മുതല്‍ മുടക്കി ലഭിക്കുന്ന പലിശയാണ് ഡിവിഡന്റായി നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: