സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍ മികച്ച നടി

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കുവച്ചു. 50000 രൂപയും പ്രശസ്തിപത്രവുമാണ് ഇരുവര്‍ക്കും ലഭിക്കുക. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ അവാര്‍ഡിന് അര്‍ഹരായത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിനാണ് സൗബിന്‍ പുരസ്‌കാരം നേടിയത്.

മികച്ച നടിയായി നിമിഷ സജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നിവയിലെ അഭിനയമാണ് നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഷെരീഫ് സി സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. ഷെരീഫ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച മികച്ച രണ്ടാമത്തെ സിനിമയായി. ശ്യാമപ്രസാദ് തന്നെയാണ് മികച്ച സംവിധായകന്‍.

മികച്ച ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. ജോജു ജോര്‍ജ്ജ് ആണ് മികച്ച സ്വഭാവ നടന്‍. ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്റെ ഉമ്മമാരായി അഭിനയിച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി എന്നിവര്‍ മികച്ച സ്വഭാവനടിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ആദി സംവിധാനം ചെയ്ത പന്തില്‍ അഭിനയിച്ച അവനി ആദി, മാസ്റ്റര്‍ മിഥുന്‍ എന്നിവര്‍ മികച്ച ബാലതാരങ്ങള്‍ ആയി. ആദിയുടെ മകളാണ് അവനി.

ജോയ് മാത്യുവാണ് മികച്ച കഥാകൃത്ത്. ചിത്രം അങ്കിള്‍. മികച്ച തിരക്കഥാകൃത്തുക്കളായി സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ എഴുതിയ മുഹസിന്‍ പരാരി, സക്കറിയ മൊഹമ്മദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സക്കറിയ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച നവാഗത സംവിധായകനായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ബണ്‍ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച കെ യു മോഹന്‍ മികച്ച ഛായാഗ്രാഹകനായി. ജോസഫ്, തീവണ്ടി എന്ന ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പി കെ ഹരിനാരായണന്‍ മികച്ച ഗാനരചയിതാവായി. കാര്‍ബണിലെ എല്ലാ ഗാനങ്ങളും വിശാല്‍ ഭരദ്വാജിനെ മികച്ച സംഗീത സംവിധായകനാക്കി. ആമിയുടെ പശ്ചാത്തല സംഗീതത്തിന് ബിജിപാലും ആദരിക്കപ്പെട്ടു. ജോസഫിലെ പൂമുത്തോളേ.. എന്ന ഗാനം ആലപിച്ച വിജയ് യേസുദാസ് മികച്ച ഗായകനായി. ശ്രേയ ഘോഷാല്‍ ആണ്് മികച്ച ഗായിക.

ഛായാഗ്രഹണത്തിന് മധു അമ്പാട്ടിന് പ്രത്യേക ജൂറി പുരസ്‌കാരം. എം ജയരാജ് രചിച്ച മലയാള സിനിമ പിന്നിട്ട വഴികള്‍ ആണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. മികച്ച പിന്നണി ഗായകന്‍, മികച്ച സിങ്ക് സൌണ്ട്: അനില്‍ രാധാകൃഷ്ണന്‍, മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ അകലെ ദൂരെ.

Share this news

Leave a Reply

%d bloggers like this: