സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്; വിവാദം കൊഴുക്കുന്നു

2017 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഇത്തവണത്തെ പുരസ്‌കാര വിതരണ ചടങ്ങില്‍ ഒരു മുഖ്യാതിഥിയെ ക്ഷണിക്കാന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനം എടുത്തതോടെയാണ് അതിനെതിരേ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്ത് വന്നത്. മുഖ്യതിഥിയുടെ സാന്നിധ്യം മറ്റ് പുരസ്‌കാര ജേതാക്കളുടെ മാറ്റ് കുറയ്ക്കുമെന്നും വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മുഖ്യാതിഥികളായി പുരസ്‌കാര ജേതാക്കളെ മാത്രം ഉള്‍പ്പെടുത്തി ലളിതമായ ചടങ്ങായി മാറ്റണം പുരസ്‌കാര വിതരണം എന്നായിരുന്നു എതിര്‍പ്പുന്നയിച്ചവരുടെ ആവശ്യമെങ്കിലും, സര്‍ക്കാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നതിനാല്‍ എതിര്‍പ്പും വിമര്‍ശനങ്ങളും അദ്ദേഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന തരത്തില്‍ പ്രചാരം നേടിയതോടെയാണ് ഇതൊരു വിവാദമായത്.

മോഹന്‍ലാലിനെയാണ് ഇത്തവണത്തെ പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയായി സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി ഈ ചടങ്ങില്‍ ആവശ്യമില്ലെന്നാണ് വാദം ഉയര്‍ന്നിരിക്കുന്നത്. മോഹന്‍ലാല്‍ വരുന്നതിനെതിരേ ആ തീരുമാനം പുറത്തുവന്നപ്പോള്‍ തൊട്ട് എതിര്‍പ്പുകള്‍ തുടങ്ങിയതാണ്. ചലച്ചിത്രമേഖലയില്‍ പല രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നവരും സാഹിത്യകാരന്മാരും ചലച്ചിത്ര നിരൂപകരും മാധ്യമപ്രവര്‍ത്തകരും അടക്കം നൂറില്‍ അധികം പേര്‍ പേര്‍ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവന തന്നെ ഈ വിഷയത്തില്‍ പുറത്തു വന്നിരുന്നു.

ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യവും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടലും ആണെന്നാണ് ഈ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടതെന്നും സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കിയാല്‍ മതിയെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകുമെന്നുമാണ് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെ അദ്ദേഹത്തെ ക്ഷണിക്കുന്നതിലെ പിഴവായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങില്‍ ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന രീതി നല്ല സന്ദേശമാകില്ലെന്നും ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്വഴക്കം ആയി മാറുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സാഹിത്യകാരന്മാരായ എന്‍ എസ് മാധവന്‍, സേതു, ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, സി വി ബാലകൃഷ്ണന്‍, സംവിധായകരായ രാജീവ് രവി, ഡോ. ബിജു, പ്രിയനന്ദന്‍, അഭിനേതാക്കളായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രകാശ് ബാരെ, തുടങ്ങി പല പ്രമുഖരും ഈ സംയുക്ത പ്രസ്താവനയുടെ ഭാഗമായിട്ടുണ്ട്. ചലച്ചിത്ര പുരസ്‌കാര ജൂറിയില്‍ അംഗമായിരുന്നു ഡോ. ബിജു അടക്കം സൂപ്പര്‍താരത്തെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ തുടക്കം മുതല്‍ രംഗത്തു വരികയും സര്‍ക്കാര്‍/അക്കാദമി തീരുമാനത്തിനെതിരേ നിശിതമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ നല്‍കിയ നിവേദനം അംഗീകരിച്ച് മോഹന്‍ലാലിനെ ഒഴിവാക്കിയില്ലെങ്കില്‍ ജൂറി അംഗം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരിക്കും ഉണ്ടാവുക എന്നും അറിയുന്നു. അങ്ങനെയെങ്കില്‍ ദേശീയ പുരസ്‌കാര വിതരണ ചടങ്ങിനെക്കാള്‍ വലിയ വിവാദത്തിലേക്ക് സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങ് മാറും.

നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി എന്നൊരാള്‍ വേണ്ടെന്നും അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നുമായിരുന്നു. മുഖ്യാതിഥിയായി സര്‍ക്കാര്‍ നിശ്ചിയിച്ച മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെ ഒരു താരം എന്നുമാത്രമായിരുന്നു നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നിവേദനം, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനമായാണ് വാര്‍ത്തയായത്.

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: