സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം വരുന്നു

സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധനം ലക്ഷ്യമിട്ടുള്ള നിയമംവരുന്നു. ബാലഭിക്ഷാടനം, യാചക മാഫിയ എന്നിവയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഈ നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഇത്. നിയമം വരുന്നതിന് മുമ്പ് തന്നെ യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ‘ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ എന്നാണ് പേര്.

സംസ്ഥാനത്ത് യാചക മാഫിയ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതായി ബാലഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കൂടുതലായി പ്രചരിക്കപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ശക്തമായ നിയമനിര്‍മാണത്തിന് നടപടി. ബാലഭിക്ഷാടനം, ഭിക്ഷാടന മാഫിയ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ ചട്ടങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് നിയമമായി മാറുേമ്പാള്‍ സംസ്ഥാനത്ത് സമ്പൂര്‍ണമായി ഭിക്ഷാടനം നിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിയമം നിലവില്‍വരുന്നതിന് മുമ്പ് തന്നെ യാചകരെ നിയമപരമായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓര്‍ഫനേജ് ബോര്‍ഡിന്റെ അധികാരത്തോടെ 16 ബെഗര്‍ ഹോമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ആവശ്യമെങ്കില്‍ കൂടുതല്‍ ഹോമുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാറിന്റെ സജീവപരിഗണനയിലാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് ഭിക്ഷാടനം നടത്തുന്നതെന്ന വിലയിരുത്തലാണ് സര്‍ക്കാറിനുള്ളത്. ട്രെയിന്‍, ബസ് എന്നിവയിലാണ് ഇത്തരക്കാരെ കൂടുതലായി കാണുന്നതും. നിയമം നിലവില്‍വരുേമ്പാള്‍ കേരളത്തിലേക്കുള്ള െട്രയിനുകളിലും ബസുകളിലും യാചകനിരോധനം സംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ബാല ഭിക്ഷാടന മാഫിയ സജീവമാകുന്നുവെന്ന നിലയിലെ പ്രചാരണം ശക്തമായിരുന്നു. വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമല്ലെന്ന വിലയിരുത്തലിലാണ് പൊലീസും സര്‍ക്കാറും. എന്നാല്‍, ഭിക്ഷാടന മാഫിയ സജീവമാണെന്ന വിലയിരുത്തല്‍ നടത്തുന്നുണ്ട്. ആ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: