സംസ്ഥാനത്ത് ഇന്ധന വില റെക്കോര്‍ഡ് നിരക്കില്‍

സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കിലെത്തിയതിനെ തുടര്‍ന്ന് പൊതുജനം കടുത്ത ആശങ്കയിലായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി വര്‍ദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ദ്ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്നിന് ഡീസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമായിരുന്നു വില.

ഡല്‍ഹിയില്‍ പെട്രോളിന് 74.50 ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29 ഉം കൊല്‍ക്കത്തയില്‍ 77.20 ഉം രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഡല്‍ഹിയില്‍ 65.75, കൊല്‍ക്കത്തയില്‍ 68.45, മുംബൈയില്‍ 70.01 ചെന്നൈ 69.37 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. ദക്ഷിണേഷ്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില ഈടാക്കുന്നത് ഇന്ത്യയിലാണ്. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 4.65 ലക്ഷം കോടി രൂപയാണ് അധികമായി ഈടാക്കിയത്.

ഇക്കാലയളവില്‍ ക്രൂഡോയിലിന്റെ രാജ്യാന്തര വില കുറഞ്ഞതു വഴി 13 ലക്ഷം കോടി രൂപ ലാഭിച്ചിരുന്നു. കൂടാതെ സബ്‌സിഡി വെട്ടിക്കുറച്ചതിലൂടെ 1.97 ലക്ഷം കോടി രൂപ വേറെയും കമ്പനികള്‍ നേടിയിരുന്നു. 2013 സെപ്റ്റംബര്‍ 13നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോഴുള്ളത്. മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇഇന്ധന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്. അന്‍പത് രൂപയ്ക്കു താഴെ പെട്രോളും ഡീസലും നല്‍കുമെന്നു വാഗ്ദാനം നടത്തി അധികാരത്തിലേറിയവര്‍ നാലു വര്‍ഷം കൊണ്ടു ജനങ്ങളില്‍ നിന്ന് 20 ലക്ഷം കോടി രൂപ പിഴിഞ്ഞെടുത്തതിനെതിരെ പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനു തുല്യമായ തുകയാണിത്.

വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നത്തിന് കാരണമെന്നും അതിനാല്‍ എണ്ണകമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ കമ്പനികള്‍ ഇപ്പോഴും നഷ്ടത്തിലാണ് എന്ന തലതിരിഞ്ഞ ന്യായമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്. കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് പുറമേ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക നികുതി കൂടിയാവുമ്പോള്‍ സാധാരണക്കാരന്റെ ചുമലില്‍ ഇരട്ടി ഭാരം വന്നു ചേരുന്നു.

വിലക്കയറ്റത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ പെട്രോളും ഡീസലും ചരക്കുസേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: