സംസ്ഥാനത്ത് അക്കേഷ്യ, യൂക്കാലി, കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റാന്‍ ഉത്തരവ്

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. ജലചൂഷണം ഉള്‍പ്പെടെ കടുത്ത പ്രകൃതി നാശമുണ്ടാക്കുന്ന അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അക്കേഷ്യയും യൂക്കാലിയും മറ്റും ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

പരിസ്ഥിതി ദിനത്തില്‍ ഒരു കോവടി മരതൈകള്‍ നടാനും യോഗം തീരുമാനിച്ചു. വലിയ തോതില്‍ ജലം വലിച്ചെടുക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേയ്ക്ക് നയിക്കുന്ന അക്കേഷ്യ മാഞ്ചിയം, ഗ്രാന്റീസ് എന്നീ മരങ്ങളുടെ റിപ്ലാന്റേഷന്‍ നിരോധിക്കണം എന്ന പരാതികള്‍ കണക്കിലെടുത്താണ് സര്‍ക്കാറിന്റെ തീരുമാനം. ഇവ നടുന്ന പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യമുണ്ടെന്നും വന്‍ പാരിസ്ഥിതിക ആഘാതമുണ്ടായെന്നും കാട്ടിയാണ് നിരോധനം.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷതൈ നടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് തീരുമാനം. പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് തയാറാക്കിക്കഴിഞ്ഞു. 5 ലക്ഷം തൈകള്‍ കൃഷി വകുപ്പും വളര്‍ത്തിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഉടനെ തയ്യാറാക്കും. തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നും തീരുമാനിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ 5ന് തുടക്കം കുറിക്കും.

40 ലക്ഷം മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മരം. അവ കുട്ടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി പരിപാലിക്കണമെന്നാണ് നിര്‍ദ്ദേശം. വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തു കൊടുക്കും. കുട്ടികള്‍ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കു ന്ന പരിപാടി മരക്കൊയ്ത്ത് എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ വഴി 25 ലക്ഷം തൈകളാണ് വിതരണം ചെയ്യുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: