ഷെറിന്‍ ഉയര്‍ത്തെഴുനേല്‍ക്കുമെന്ന് പ്രതീഷിച്ചു : വെസ്ലി മാത്യൂസിന്റെ വിചാരണ മൊഴികള്‍ ചര്‍ച്ചയാകുന്നു

ടെക്‌സാസ് : അമേരിക്കയില്‍ വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ വെസ്ലി മാത്യൂസിന്റെ വിചാരണക്കിടെ നടന്ന മൊഴികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ദത്തെടുത്ത മകളെ കൊലപ്പെടുത്തി വീട്ടില്‍ നിന്നും കുറച്ചകലെയുള്ള കലുങ്കില്‍ കൊണ്ടിട്ട കേസിലാണ് വെസ്ലി ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്.

വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് മരിച്ചു പോയെന്ന് കരുതിയിരുന്നില്ലെന്നും ബൈബിളിലെ ലസാറസിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശിക്ഷിക്കപ്പെട്ട എറണാകുളം സ്വദേശി വെസ്ലി മാത്യൂസ് പറഞ്ഞു. വിചാരണയ്ക്കിടെ ശിക്ഷയില്‍ ഇളവ് കിട്ടാന്‍ അപേക്ഷിക്കുന്നതിനിടെ കോടതിയോടാണ് മാത്യൂസ് ഇങ്ങനെ പറഞ്ഞത്. വീടിനടുത്ത് സംസ്‌ക്കരിച്ചാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് കരുതിയതെന്നാണ് ഇയാള്‍ പറഞ്ഞത്. കുറ്റവാളിയുടെ ഈ മൊഴികളാണ് വീണ്ടും ചര്‍ച്ചയായി മാറുന്നത്.

പന്ത്രണ്ടംഗ ജൂറിയാണ് വെസ്ലി മാത്യൂസിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 30 വര്‍ഷം ശിക്ഷ അനുഭവിച്ചശേഷമേ പ്രതിക്ക് പരോള്‍ നല്‍കാവൂവെന്ന് ശിക്ഷവിധിച്ച ജഡ്ജി നിര്‍ദേശിക്കുകയായിരുന്നു. 2016ല്‍ ബിഹാറിലെ ഒരു അനാഥാലയത്തില്‍നിന്ന് വെസ്ലി മാത്യൂസും ഭാര്യ സിനിയും ദത്തെടുത്തതാണ് സരസ്വതി എന്ന ഷെറിന്‍ മാത്യൂസിനെ. ഇവര്‍ക്ക് നാലുവയസ്സുള്ള മറ്റൊരു മകള്‍കൂടിയുണ്ട്. ജന്മനാ വളര്‍ച്ചക്കുറവുണ്ടായിരുന്ന ഷെറിന് പോഷകാഹാര കുറവ് ഉള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടയ്ക്കിടെ പാല്‍കൊടുത്തിരുന്നു.

മരണ ദിവസം പുലര്‍ച്ചെ പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ച കുട്ടിയെ പുറത്തു നിര്‍ത്തി കാണാതായി എന്നായിരുന്നു പോലീസ് ചോദ്യം ചെയ്യലിനിടെ വെസ്ലിയുടെ ആദ്യ പ്രതികരണം. എന്നാല്‍ നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ശ്വാസം മരിച്ചെന്നാണ് ഇയാള്‍ അവസാനം സമ്മതിച്ചത്. തുടര്‍ന്ന് ജീവനിലെന്ന് ഉറപ്പാക്കി തൊട്ടടുത്ത കലുങ്കില്‍ കൊണ്ടിടുകയായിരുന്നു. ആന്തരികാവയവങ്ങള്‍ പുഴുവരിച്ചതിനാല്‍ കുട്ടിയുടെ യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: