ഷെറിന്‍ മാത്യൂസ് വധം: വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

 

 

വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ മാതാവ് സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. ഷെറിന്‍ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്‌ടോബര്‍ ആറിന് വെസ്‌ലി മാത്യുവും സിനിയും സ്വന്തം കുഞ്ഞിനേയും കൊണ്ട് നോര്‍ത്ത് ഗാര്‍ലാന്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. പാലു കുടിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ഷെറിനെ അടുക്കളയില്‍ നിര്‍ത്തിയാണ് പോയത്.

ഇരുവരുടെയും ഫോണ്‍രേഖകളും റസ്റ്ററന്റ് ഉടമയും വെയ്റ്ററും ഇവരുടെ സാന്നിധ്യം സ്ഥീരീകരിച്ചതായി പൊലീസ് പറയുന്നു. ഇവരോടൊപ്പം ഒരു കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഓള്‍ക്കുള്ള ഭക്ഷണം പാര്‍സല്‍ വാങ്ങിയിരുന്നെന്നും വെയ്റ്റര്‍ പൊലീസിനോട് പറഞ്ഞു. അതിനു പിറ്റേ ദിവസമാണ് പാല്‍ കുടിക്കാത്തതിന് ശിക്ഷിച്ച കുഞ്ഞ് മരണപ്പെടുന്നത്. കുഞ്ഞിനെ അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍ തനിച്ചാക്കി പോയതിനാണ് മാതാവ് സിനി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായെന്ന് പിതാവ് പരാതിപ്പെടുന്നത്. പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്ലിയുടെ വീട്ടില്‍നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ (37) റിച്ചാര്‍ഡ്‌സണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാല്‍കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്ലി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

അതിഗുരുതര വിഭാഗത്തില്‍പ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചു മുതല്‍ 99 വര്‍ഷം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്‌ക്കെതിരെ ചുമത്തിയത്. മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പൊലീസിന് നല്‍കിയ മൊഴി ഇയാള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

വെസ്ലിയുടെ ഭാര്യ സിനി പൊലീസുമായി തുടക്കത്തില്‍ സഹകരിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായതിലോ മരണപ്പെട്ടതിലോ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു സിനിയുടെ നിലപാട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: