ഷെറിനെ കൊലപ്പെടുത്താന്‍ വിനാശകരമായ ആയുധം വെസ്ലി ഉപയോഗിച്ചുവെന്ന് ഗ്രാന്‍ഡ് ജൂറി; കൊലക്കുറ്റത്തിന് ജീവപര്യന്തമോ വധശിക്ഷയോ ലഭിച്ചേക്കാം

 

മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് വിനാശകരമായ ആയുധമുപയോഗിച്ചിരുന്നുവെന്ന് ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് ചെയ്തു. അറിഞ്ഞു കൊണ്ടു തന്നെ ഷെറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് കൊലക്കുറ്റമാണ് വെസ്ലിയില്‍ ചുമത്തിയിരിക്കുന്നത്. ടെക്സാസില്‍ ഇതിനുള്ള ശിക്ഷ ജീവപര്യന്തമോ, വധശിക്ഷയോ ആണ്.

പ്രതിക്കെതിരേ കോടതയില്‍ വധശിക്ഷയ്ക്കു വേണ്ടി വാദിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേസിലെ ചാര്‍ജുകള്‍ സംബന്ധിച്ച് വിശദീകരണം നടത്തവേ ഡാളസ് കൗണ്ടി ഡിസ്ട്രിക് അറ്റോര്‍ണി ഫെയിത് ജോണ്‍സണ്‍ പറഞ്ഞു. അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതിനും , തെളിവുകള്‍ നശിപ്പിച്ചതിനും വെസ്ലിക്കെതിരേ വേറെ ചാര്‍ജുകളുണ്ട്. രണ്ടു മുതല്‍ 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണിത്.

വളര്‍ത്തു മാതാവ് സിനി മാത്യൂസിനെതിരേയും കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ ഉപേക്ഷിച്ചു പോയതിന് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഷെറിനെ കാണാതായതിന്റെ തലേന്നു രാത്രി വെസ്ലിയും, സുനിയും അവരുടെ നാലു വസുകാരിയായ സ്വന്തം മകളെ കൂട്ടി രാത്രി അത്താഴം കഴിക്കാന്‍ പുറത്തു പോയിരുന്നു. ഈ സമയത്ത് ഷെറിനെ അടുക്കളയില്‍ ഒറ്റയ്ക്ക് ഇരുത്തുകയായിരുന്നു. കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും കുഞ്ഞിന് ഒറ്റയ്ക്കിരിക്കേണ്ടി വന്നുവെന്ന് ചാര്‍ജ് ഷീറ്റില്‍ പറയുന്നു. ദമ്പതികള്‍ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നോ എന്ന പോലീസിന്റെ ചോദ്യത്തിവ് ഉവ്വ് എന്നാണ് വെസ്ലി മറുപടി നല്‍കിയിരുന്നത്.

പാലു കുടുക്കാന്‍ ഷെറിന്‍ മടി കാണിച്ചതിന്റെ പേരില്‍ റിച്ചാര്‍ഡ്സണിലുള്ള വീടിനു പുറത്ത് ഒരു മരത്തിനു സമീപം പുലര്‍ച്ചെ ഒറ്റയ്ക്കു നിറുത്തി എന്നും, കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ കണ്ടില്ല എന്നുമാണ് വെസ്ലി ആദ്യം പോലീസിനോടു പറഞ്ഞത്. ഒക്ടോബര്‍ 26 ന് വീടിനടുത്തുള്ള ഒരു കലുങ്കിനടിയില്‍ നിന്ന് ഷെറിന്റെ മൃതദേഹം കിട്ടയിതനെ തുടര്‍ന്ന് വെസ്ലി മൊഴി മാറ്റിയിരുന്നു. നിര്‍ബന്ധിച്ച് പാലു കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും, താനാണ് ജഡം കലുങ്കിനടിയില്‍ കൊണ്ടുചെന്നു വച്ചതെന്നുമാണ് മൊഴി തിരുത്തിപ്പറഞ്ഞത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ഷെറിന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. നിത്യതയിലേക്ക് പറന്നകന്ന മൂന്നു വയസുകാരിക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഫെയിത് ജോണ്‍സണ്‍ പറഞ്ഞു. ഈ കേസില്‍ അവളുടെ ശബ്ദമായി മാറാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നീതിപൂര്‍വകമായി എല്ലാ കാര്യങ്ങളും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരമാവധി പരിശ്രമിക്കുന്നതാണ്. ടെക്സാസില്‍ അവഗണനയ്ക്കും ചൂഷണത്തിനും ഇരയാകുന്ന കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഷെറിന്‍ എന്നത് വേദനയുണര്‍ത്തുന്നുവെന്ന് അവര്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: