ഷെയറിംഗ് കെയറിന് പുതിയ നേതൃത്വം; പ്രവര്‍ത്തനം ഏഴാം വര്‍ഷത്തിലേക്ക്.

അയര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ഷെയറിംഗ് കെയറിന്റെ ആറാമത് വാര്‍ഷിക പൊതുയോഗം നവംബര്‍ 14ന് കോര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യാക്കാരുടെ നേതൃത്വത്തില്‍, ഇന്ത്യയില്‍ കേരളത്തിലെ നിര്‍ദ്ധനരായവരെ, ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹായിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ് ഷെയറിംഗ് കെയര്‍. ചെയര്‍മാന്‍ ശ്രീ തോമസ് ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി ശ്രീ ജോബി ജോസ് 201415 വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോയവര്‍ഷം നിര്‍ഭാഗ്യരായ 47 പേരെ നേരിട്ടും, കൂടാതെ നേപ്പാള്‍ ഭൂകമ്പ ദുരിതബാധിതരെ ഐറിഷ് റെഡ് ക്രോസ്സ് മുഖേനയും സഹായിക്കാന്‍ സംഘടനയ്ക്ക് സാധിച്ചു. സാമ്പത്തിക മാന്ദ്യം സംഘടനയെയും ബാധിച്ചുവെങ്കിലും കഴിഞ്ഞവര്‍ഷം 4876.22 യുറോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സാധിച്ചുവെന്നു ധനകാര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഖജാന്‍ജി ശ്രീ ജോര്‍ജ് ജോസ് അറിയിച്ചു. കൂടുതല്‍ പൊതുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചാല്‍ നിര്‍ധനരും നിരാലംഭരുമായ അനേകരുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്താന്‍ ഷെയറിംഗ് കെയറിന് സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഇതിനായി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ താല്പര്യമുള്ള എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനും യോഗത്തില്‍ തീരുമാനമായി. ഷെയറിംഗ് കെയറിന്റെ പുതിയ മുദ്രയും യോഗം അംഗീകരിച്ചു.
കാലാവധി പൂര്‍ത്തിയാക്കിയ ചെയര്‍മാന്‍ ശ്രീ തോമസ് ബേബിയെയും ഭരണസമിതിയംഗം ഫാ.പോള്‍ തെറ്റയിലിനേയും യോഗം അഭിനന്ദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പുതിയ ഭരണ സമിതിയംഗങ്ങളേയും ഭാരവാഹികളേയും പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍: ചെയര്‍മാന്‍ ശ്രീ ജോബി ജോസ്; വൈസ്‌ചെയര്‍മാന്‍ ശ്രീ. വില്‍സന്‍ വര്‍ഗീസ്; സെക്രട്ടറി ശ്രീ.ബിനു തോമസ്; ജോയന്റ് സെക്രട്ടറി ശ്രീ ബാബു ജോണ്‍; ഖജാന്‍ജി ശ്രീ. ജോര്‍ജ്ജ് ജോസ്; ഭരണസമിതിയംഗം(സംഘടനാകാര്യം) ശ്രീ തോമസ് ബേബി; ഭരണസമിതിയംഗം(പൊതുജനസമ്പര്‍ക്കം) ശ്രീ. റോജോ ജോര്‍ജ്ജ്. നാളിതുവരെ സംഘടനയുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും, പ്രത്യേകിച്ച് അയര്‍ലണ്ടിലെ നല്ലവരായ എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും, കലാസാംസ്‌ക്കാരിക സംഘടനകള്‍ക്കും യോഗം നന്ദി രേഖപ്പെടുത്തുകയും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ തുടര്‍ന്നും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സംഘടനയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ദയവായി വിളിക്കുക റോജോ ജോര്‍ജ്ജ് @ 0870660320 അല്ലെങ്കില്‍ ഇമെയില്‍: sharingcare@live.ie അല്ലെങ്കില്‍ ഞങ്ങളുടെ ഫേസ് ബുക്ക് വിലാസം: https://www.facebook.com/SharingCareIreland

Share this news

Leave a Reply

%d bloggers like this: