ഷിഗല്ല ബാക്ടീരീയ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: കുടല്‍ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം സംസ്ഥാനത്തു പടരുന്നു. രോഗബാധയെ തുടര്‍ന്നു മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളെയാണു കൂടുതലായും ഈ രോഗം ബാധിക്കുന്നത്. കോഴിക്കോട് രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും വയറിളക്ക രോഗം മൂലം മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഉണര്‍ന്നത്. മഴ ശക്തമായതോടെ ജലം മലിനപ്പെട്ടതിനെ തുടര്‍ന്നു പനിക്കൊപ്പം വയറിളക്ക രോഗങ്ങളും വര്‍ധിച്ചിരുന്നു.

സാധാരണ വയറിളക്കം വൈറസ് രോഗ ബാധ മൂലം വരുന്നതാണെങ്കില്‍ ഷിഗല്ല ബാക്ടീരിയയാണു മാരകമായ വയറിളക്കത്തിനു കാരണം. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വമിക്കും. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛര്‍ദിയും ശരീരത്തിനു ചൂടും കാണും. ഉടന്‍ ആന്റിബയോട്ടിക് അടക്കമുള്ള ചികില്‍സ നല്‍കിയാല്‍ രോഗം ഭേദപ്പെടുത്താം.

എന്നാല്‍ സാധാരണ വയറിളക്കമെന്നു കരുതി ചികില്‍സ വൈകുന്നതാണു സ്ഥിതി വഷളാക്കുന്നത്. മഴക്കാലത്തു ജലം മലിനപ്പെടാനുള്ള സാഹചര്യത്തിലാണു രോഗം പടര്‍ന്നു പിടിക്കുമെന്നു കരുതുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ആഹാര സാധനങ്ങള്‍ മൂടി വയ്ക്കുകയും ചെയ്യുന്നതാണു വ്യക്തി തലത്തില്‍ എടുക്കാവുന്ന പ്രതിരോധ മാര്‍ഗം.

 

എംആര്‍

Share this news

Leave a Reply

%d bloggers like this: