ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; ബിസിസിഐ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദ് ചെയ്തു.ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

ബിസിസിഐ തന്റെ വാദം കേള്‍ക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും വിലക്കിന് കാരണമായി അവര്‍ കണ്ടെത്തിയ കാരണം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലന്നുമുള്ള ശ്രീശാന്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് വന്നത്. 2013 ഒക്ടോബര്‍ 10 നാണ് ബിസിസിഐ ശ്രീശാന്തിനെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും പ്രാദേശിക, ക്ലബുതല മത്സരത്തില്‍ നിന്നുപോലും വിലക്ക് വരുകയായിരുന്നു.

ഒത്തുകളിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ മഹാരാഷ്ട്രപൊലീസ് ചുമത്തിയ ‘മക്കോക്ക’ വകുപ്പ് പ്രകാരമുള്ള കേസ് കോടതി റദ്ദുചെയ്തുവെന്നും അതിനാല്‍ വിലക്കിന് കാരണമായി ബിസിസിഐ പറയുന്ന അടിസ്ഥാന കാരണം തന്നെ ഇല്ലാതായെന്നും ദില്ലി പൊലീസ് ചുമത്തിയ കേസ് മാത്രമാണ് തനിക്കെതിരേ നിലവിലുള്ളതെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ സ്‌കോട്ട്ലന്റില്‍ ക്ലബ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അനുമതി തേടി രണ്ടുതവണ ബിസിസിഐയെ ശ്രീശാന്ത് സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍  ശ്രീശാന്ത് നന്ദി പറഞ്ഞു. വിധിയില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീ പ്രതികരിച്ചു.

ഏറ്റവും പെട്ടെന്ന് കേരള ടീമില്‍ എത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ കെസിഎ സെലക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്. ക്ഷമയോടെ കാത്തിരിക്കുകയാണ്. ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനാകും ഇനിയുള്ള പരിഗണന.

ദൈവം മഹാനാണ് എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. കോടതി വിധിക്ക് പിന്നാലെ ശ്രീ ട്വിറ്ററില്‍ കുറിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: