ശ്രീലങ്കൻ സ്ഫോടനങ്ങൾ: വേരുകൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും; കേരളത്തിലും സ്ഫോടനം നടത്താൻ തയ്യാറെടുത്ത് ഐഎസ് മലയാളികൾ…

ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ ഇനി കേരളത്തെയും തമിഴ്‌നാടിനെയും കേന്ദ്രീകരിച്ചായേക്കുമെന്ന് സൂചന. ശ്രീലങ്കയില്‍ 250ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് സംശയിക്കപ്പെടുന്ന സഹ്റാന്‍ ഹാഷിമിന്റെ ടെലിഫോണ്‍ വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് അന്വേഷണങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്നത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ചില ആളുകള്‍ ഹാഷിമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇയാളുടെ ഫോണ്‍ രേഖകള്‍ തെളിയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടില്‍ വേരുകളുള്ള നാഷണല്‍ തൗഹീത് ജമാഅത്തില്‍ നിന്നും വേരറ്റ ആളാണ് ഹാഷിമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ഏകദേശം മൂന്നുമാസത്തോളം ഹാഷിം ഇന്ത്യയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുന്നു. നാഷണല്‍ തൗഹീത് ജമാഅത് ആണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ ലക്ഷ്യങ്ങള്‍ കുറച്ചുകൂടി നന്നായി നടപ്പിലാക്കാനായി ഹാഷിം തൗഹീത്ത് ജമാഅത് വിട്ട് സ്വന്തമായി ഒരു സംഘടന ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചനമുണ്ട്.

ഐ എസ് ബന്ധങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ദിവസം പാലക്കാട് നിന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഹാഷിമുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ഹാഷിമിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി എന്‍ ഐ എ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തില്‍ നേരിട്ടുള്ള പങ്കില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സഹ്രാന്‍ ഹാഷിമിന്റെ ഭീകരവാദ പ്രവര്‍ത്തന സ്വഭാവമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കാസറഗോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, കളിയങ്ങോട് സ്വദേശി അഹമ്മദ് അറാഫത്ത് എന്നിവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ കേരളത്തിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഐഎസുമായി ബന്ധമുള്ള മലയാളികളാണ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് വിവരം. ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്ബരയില്‍ പങ്കുണ്ടൈന്ന സംശയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ (25) നിന്നാണ് കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്. കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിദേശികള്‍ കൂടുതലുള്ള ഇടങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ സ്‌ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം.

ഇതിനായി റിയാസിനോട് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കൂട്ടത്തില്‍പ്പെട്ട ചിലര്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാനാവാതെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് വിവരം. തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാള്‍ ഐഎസിന്റെ ആശയങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകളും ഇയാളില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളെ ചൊവ്വാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് എന്‍ഐഎയുടെ അന്വേഷണം. ശ്രീലങ്കന്‍ ഏജന്‍സിക്കുലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നുണ്ട്. കസ്റ്റഡിയിലുള്ളവരുടെ വീടുകളിലും താവളങ്ങളിലും കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍, സി.ഡി.കള്‍, പുസ്തകങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: