ശ്രീലങ്കന്‍ ആക്രമണം: രാജ്യം സാധാരണ നിലയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്നാഴ്ചയ്ക്ക് ശേഷം പള്ളികളില്‍ കുര്‍ബാനകള്‍ നടന്നു…

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന നടന്നു. കമാന്‍ഡോകള്‍ ഉള്‍പ്പെടെ സൈനീക വിഭാഗങ്ങളുടെ സുരക്ഷയിലായിരുന്നു കുര്‍ബാന. ഈസ്റ്റര്‍ ദിനത്തിലെ ദുരന്തം തീര്‍ത്ത മുറിവുകള്‍ ഉണങ്ങിയിട്ടില്ല. എങ്കിലും രാജ്യം സാധാരണ നിലയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൂന്നാഴ്ചയ്ക്ക് ശേഷം പള്ളികളില്‍ കുര്‍ബാന നടത്താന്‍ കത്തോലിക്ക സഭ തീരുമാനിച്ചത്. പള്ളികളിലും വഴികളിലും സായുധ സേന കാവലായിരുന്നു.

പള്ളിപരിസരങ്ങളിലേക്ക് വാഹനങ്ങളും ബാഗുകളും അനുവദിച്ചില്ല. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈസ്റ്റര്‍ ദിനത്തിലെ ദുരന്തം മറക്കാനാകില്ലെങ്കിലും ക്രൈസ്തവ വിശ്വാസം എല്ലാം ക്ഷമിക്കാനാണ് പഠിപ്പിക്കുന്നതെന്ന് വിശ്വാസികള്‍ പ്രതികരിച്ചു.

പള്ളികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മേയ് 5 ന് പള്ളികളില്‍ കുര്‍ബാന നടത്താന്‍ തീരുമാനിച്ചെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളില്‍ കൊളംബോ ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത് കുര്‍ബാന അര്‍പ്പിക്കുകയും അത് ടെലിവിഷന്‍ വഴി വിശ്വാസികള്‍ക്കായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: