ശ്രീറാമിന്റെ രക്തപരിശോധന വിവാദത്തില്‍ പോലീസ് വാദം തെറ്റ്; മുഖ്യമന്ത്രിക്ക് പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന; ശ്രീറാമിന്റെയും- വഫയുടെയും ലൈസെന്‍സ് സസ്പെന്‍ഡ് ചെയ്തില്ലെന്നും ആരോപണം

തിരുവനന്തപുരം : വാഹനാപകടക്കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ രക്തം പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന പോലീസ് നിലപാട് തള്ളി ഡോക്ടര്‍മാരുടെ സംഘടനായായ കെജിഎംഒഎ. രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന വാദം തെറ്റാണെന്ന് സംഘടന ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും സംഘടന പരാതി നല്‍കുമെന്നും ഡോക്ടര്‍മാരുടെ സംഘടന മാധ്യമങ്ങളോട് പറഞ്ഞു.

വാഹനാപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായെന്ന ആരോപണത്തെ പ്രതിരോധിച്ച് ഡോക്ടര്‍മാരെയും പരാതിക്കാരനെയും കുറ്റപ്പെടുത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ കെജിഎംഒഎ ഇടപെടുന്നത്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരനായ സിറാജ് പത്രത്തിന്റെ മാനേജര്‍ മൊഴി നല്‍കാന്‍ വൈകിയെന്നും രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തയ്യാറായില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

അതിനിടെ, കേസില്‍ ശ്രീറാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ലൈസന്‍സ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ്. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റ വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

അപകടം നടന്ന് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ ശ്രീറാം രക്തപരിശോധനയ്ക്ക് തയ്യാറായിലെന്ന വാര്‍ത്ത അപകടം നടന്ന സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടില്‍ ഇതിന് വിപരീതമായ വാദമാണ് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും മനപ്പൂര്‍വം കേസ് തേയ്ച്ചു- മായ്ച്ചു കളയാനുള്ള കളികള്‍ നടന്നതായാണ് സിറാജിന്റെ ആരോപണം.

Share this news

Leave a Reply

%d bloggers like this: