ശ്രീറാമിനെതിരെ ആരോപണവുമായി വഫാ ഫിറോസ്…

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കാറിടിച്ച് മരണപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കൂട്ടുപ്രതിയായ വഫാ ഫിറോസ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിന് ശേഷം അതേ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ശ്രീറാം. കഴിഞ്ഞ ദിവസം അപകടവുമായി ബന്ധപ്പട്ട റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ അപകട സമയത്ത് മദ്യപിച്ചിരുന്നില്ല എന്നും വാഹനം ഓടിച്ചിരുന്നത് വഫാ ഫിറോസ് തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് സെക്രട്ടറിക്ക് വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയത്.

ശ്രീറാമിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതോടെയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറിക്കും ഇതേ വിശദീകരണം നല്‍കിയപ്പോള്‍ ചീഫ് സെക്രട്ടറി ഈ വാദം തള്ളുകയും രണ്ടു മാസത്തേക്ക് കൂടി സസ്പെന്‍ഷന്‍ നീട്ടുകയും ചെയ്തു.

അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു വഫാ ഫിറോസിന്റെ പ്രതികരണം. എന്നാല്‍ അപകട സമയത്ത് വാഹനം ഓടിച്ചത് താനല്ലെന്ന് വഫാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ദൃസാക്ഷികളുമുണ്ട്. എന്തിനാണ് ശ്രീറാം ഈ പച്ചക്കള്ളം പറയുന്നത് എന്നാണ് വഫാ ഫിറോസ് ഇപ്പോള്‍ ചോദിക്കുന്നത്. അപകടത്തിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലും അപകട സമയത്ത് വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് വഫാ പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് വാഹനം ഓടിച്ചത് വഫാ തന്നെയാണെന്നാണ് ശ്രീറാം ഇപ്പോള്‍ പറയുന്നത്. ഇത് ആദ്യമായാണ് തന്റെ സുഹൃത്തായ ശ്രീറാമിനെതിരെ ആരോപണവുമായി വഫാ ഫിറോസ് രംഗത്ത് വന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: