ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച കേസ്; മാധ്യമ പ്രവര്‍ത്തകനെ മനപ്പൂര്‍വം അപകടപ്പെടുത്തിയതോ? വ്യക്തമായ തെളിവുകളിലേക്ക് വിരല്‍ ചൂണ്ടുന്ന അഭിപ്രായം പങ്കുവെച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ്

തിരുവനന്തപുരം : സര്‍വ്വേ ഡയറക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇതുമായി ബന്ധപെട്ടു റിട്ട. എസ് .പി ജോര്‍ജ് ജോസഫ് പറഞ്ഞ ചില വാദഗതികള്‍ വിരല്‍ ചൂണ്ടുന്നത് അപകടം യാദൃശ്ചികം ആകാനിടയില്ല എന്ന സംശയത്തിലേക്കാണ് വര്‍ഷങ്ങളായി ക്രിമിനല്‍ കേസ് കൈകാര്യം ചെയ്ത് പരിചയമുള്ള റിട്ട. എസ് .പി മുന്നോട്ടുവെയ്ക്കുന്നത്. ശ്രീറാമിന്റെ കാര്‍ ഇടിച്ചു കെ.എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നും ചില പിടിപ്പുകേടുകള്‍ ഉണ്ടായിട്ടുണ്ട് എന്നതും വസ്തുതയാണ്. വാഹനം ഇടിച്ചിട്ട ആളെ നിമിഷങ്ങള്‍ക്കകം തന്നെ കയ്യില്‍ കിട്ടിയിട്ടും ഇയാള്‍ മദ്യപിച്ചോ ഇല്ലയോ എന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അപകടം നടന്നു ഏകദേശം 10 മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധന നടന്നത്. ഈ റിസള്‍ട്ടില്‍ ശ്രീറാം മദ്യപിച്ചില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രധാന തെളിവാണ് പിന്നീട് ശ്രീറാമിന് ജാമ്യം ലഭിക്കാന്‍ കാരണമായതും.

സംഭവദിവസം രാത്രി ഏറെ വൈകി ശ്രീറാം കവടിയാര്‍ വിവേകാന്ദ പാര്‍ക്കില്‍ ഇരുന്ന് വഫയെ ഫോണില്‍ വിളിച്ചു ഉടന്‍ സ്ഥലത്തെത്താന്‍ ആവശ്യപെട്ടിരുന്നതെന്നു കേസിലെ കൂട്ടുപ്രതി കൂടിയായ വഫ ഫിറോസ് പറയുന്നുണ്ട്. ശ്രീറാം കാറില്‍ കയറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബഷീര്‍ കണ്ടിരിക്കാമെന്നും, ഒരുപക്ഷെ ബഷീര്‍ ഇവരുടെ ഫോട്ടോ എടുക്കുകയോ, കാര്‍ നമ്പര്‍ നോട്ട് ചെയ്യുകയോ ചെയ്യുന്നത് ശ്രീറാമിന്റെയോ, വഫായുടെയോ ശ്രദ്ധയില്‍ പെടാനുള്ള സാദ്ധ്യതയും ഉണ്ടെന്ന് എസ്.പി പറയുന്നു.

ഒരുപക്ഷേ ഇയാളുടെ ബൈക്കിനെ ചെയ്‌സ് ചെയ്യാന്‍ വേണ്ടിയായിരിക്കാം, നിശ്ചിത ദൂരം ഓടിയ ശേഷം ശ്രീറാം ഡ്രൈവിംഗ് സീറ്റില്‍ എത്തിയതെന്നും കാര്‍ അമിത വേഗതയില്‍ പാഞ്ഞതെന്നും ജോര്‍ജ് ജോസഫ് തന്റെ സംശയം പങ്കു വെയ്ക്കുന്നു. മറ്റൊരു വസ്തുത മുന്‍പ് തിരുവനന്തപുരം പാളയത്ത് ആയിരുന്ന സിറാജിന്റെ ഓഫീസ് താത്കാലികമായി കാവടിയാറിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ തന്നെ ബഷീര്‍ ആ ഭാഗത്താണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. മറ്റൊരു കാര്യം ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല; അത് കിട്ടിയിരുന്നെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സംശയ ദുരീകരണം നടത്താന്‍ കഴിയുമായിരുന്നു എന്നും ജോര്‍ജ് ജോസഫ് പറയുന്നു.

എസ്.പി യ്ക്ക് ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടം നടന്നു കഴിഞ്ഞു രാത്രി 2 മണിയോട് അടുപ്പിച്ച് പോലീസ് ബഷീറിന്റെ ഫോണിലേക്ക് വിളിച്ചതായും, ആരോ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് എന്നാല്‍ ഒന്നും മിണ്ടിയില്ലെന്നും, പിന്നീട് ഇതുവരെ ഫോണ്‍ സ്വിച്ഡ് ഓഫ് ആണെന്നും കണ്ടെത്തി. ഇത്തരം സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ബഷീറിനെ ആസൂത്രിതമായി അപകടപ്പെടുത്തിയതാകാനുള്ള സാധ്യതയും, സംശയങ്ങളുമാണ് റിട്ട എസ് .പി ജോര്‍ജ് ജോസഫ് മാധ്യമ ചര്‍ച്ചകളില്‍ പങ്കുവെയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: