ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച പ്ലോട്ട്, പ്രതിരോധവുമായി സിപിഎം രംഗത്ത്

 

കണ്ണൂര്‍: സിപിഐഎം നടത്തിയ ബാലസംഘം ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയതായി കാണിക്കുന്ന നിശ്ചലദൃശ്യത്തെ ചൊല്ലി വിവാദം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പ്രതിഷേധവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ രംഗത്തെത്തി. ഗുരുവിനെ സിപിഐഎം അധിക്ഷേപിച്ചെന്നും ഗുരുവിനെ കുരിശിലേറ്റിയ യൂദാസായി പാര്‍ട്ടി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചട്ടമ്പി സ്വാമികളെയോ മന്നത്ത് പത്മനാഭനേയോ ഇങ്ങനെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോ? അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സിപിഐഎം ഇപ്പോള്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. ഇത് സി.പി.എമ്മിനെ നാശത്തിലേയ്ക്ക് നയിക്കുകയേ ഉള്ളൂവെന്നും വെള്ളാപള്ളി പറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ സംഘപരിവാറെന്നല്ല ആരുമായും കൂട്ടുകൂടുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യമെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവി, മഞ്ഞ നിറങ്ങളിലുള്ള തുണി തലയില്‍കെട്ടിയ രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്. ഗുരുവിന്റെ ഉദ്ധരണിയായ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നത് പലജാതി, പലമതം, പല ദൈവം എന്നാക്കി തിരുത്തിയിട്ടുമുണ്ട്. എസ്എന്‍ഡിപിസംഘപരിവാര്‍ ബന്ധത്തെ വിമര്‍ശിക്കുന്നതാണ് നിശ്ചലദൃശ്യം.

എന്നാല്‍, ഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ നിശ്ചല ദൃശ്യം ഉണ്ടാക്കിയത് തെറ്റാണെന്നും പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു. നിശ്ചല ദൃശ്യം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഗുരുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസുകാര്‍ ഗുരുവിന്റെ പ്രതിമ തകര്‍ത്തതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ സി.പി.ഐ.എമ്മിനെതിരെ ആരോപണവുമായി രംഗത്തുവരുന്നത്. ശ്രീനാരായണ ഗുരുദേവനെ സിപിഐഎം എന്നും ആദരിച്ചിട്ടേയുള്ളൂ കോടിയേരി പറഞ്ഞു. ‘അപമാനിച്ചുവെന്നതു ബിജെപിയുടെ പ്രചാരണം മാത്രമാണ്. ആര്‍എസ്എസുകാര്‍ ഗുരുവചനങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതു മരപ്പലകയില്‍ എഴുതിവച്ചതിനെയാണു കുരിശെന്നു തെറ്റിദ്ധരിപ്പിക്കുന്നത്.’കോടിയേരി പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതായുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചിട്ടില്ലെന്നും ത്രിശൂലത്തില്‍ ശ്രീനാരായണഗുരുവിനെ തളച്ചിടാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ക്കെതിരേയാണ് പ്ലോട്ട് അവതരിപ്പിച്ചതെന്നും സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി വാടി രവി പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: