ശൈത്യകാലത്ത് തെരുവില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; പുനരധിവസിപ്പിക്കാന്‍ പദ്ധതിയുമായി ചാരിറ്റി സംഘടനകള്‍ .

എമര്‍ജന്‍സി അക്കൊമൊഡേഷന്‍ വേണ്ടത്ര പുനഃക്രമീകരിച്ചിട്ടും ഭവനരഹിതരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവ് ആശങ്കാജനകമാണെന്ന് വീടില്ലാത്തവര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഫോക്കസ് അയര്‍ലണ്ടും, മേക് വെറി ഫൗണ്ടേഷനും പറയുന്നു. ഭവന മന്ത്രാലയത്തിന്റെ കണക്കുകളും, യഥാര്‍ത്ഥ ഭവന രഹിതരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുള്ള കാര്യം ഈ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൗസിങ് മന്ത്രാലയം ഒരു രാത്രി മുഴുവന്‍ ഡബ്ലിന്‍ നഗരത്തില്‍ വന്നു കണക്കെടുത്താല്‍ ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുമെന്നും ഹോംലെസ്സ് ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു.

വീടില്ലാത്തവരെ തരംതിരിച്ച് കണക്കെടുത്താല്‍ ഓരോ ദിവസവും മുപ്പതോളം പേര്‍ പുതുതായി തെരുവിലെത്തുന്നുണ്ട്. കുടുംബത്തോടെയുള്ള ഭവനരഹിതര്‍, ഒറ്റക്ക് ഉള്ളവര്‍, കുട്ടികള്‍, വയസ്സായവര്‍, യുവാക്കള്‍ തുടങ്ങി കഴിഞ്ഞ മാസം എമര്‍ജന്‍സി അക്കൊമൊഡേഷനില്‍ ഉണ്ടായിരുന്നത് 4207 പേരായിരുന്നു. ഡബ്ലിനിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണം 156 ല്‍ എത്തി. ഡബ്ലിന്‍ സിറ്റി ഏരിയയിലാണ് ഏറ്റവും കൂടുതല്‍ രാത്രി ഉറക്കക്കാര്‍ ഉള്ളത്. ഫിനഗേലിലും സൗത്ത് ഡബ്ലിനിലും, ഡോണ്‍ ലോഗേയറിലും, 28 ശതമാനം പേര്‍ തെരുവില്‍ കിടന്നുറങ്ങുന്നു.

ഡബ്ലിന്‍ റീജണല്‍ ഹോംലെസ്സ് എക്സിക്യു്ട്ടീവ് തെരുവില്‍ അന്തിയുറങ്ങുന്നവരുടെ കണക്കുകള്‍ ശേഖരിക്കുമ്പോള്‍, എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എടുത്ത് കാണിച്ചിരുന്നു. സിറ്റി കൗണ്‍സില്‍ അത്യാവശ്യമായി 150 എമര്‍ജന്‍സി ബെഡ് സജ്ജീകരിച്ചാല്‍ രാത്രിയിലെ ഈ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുമെന്ന് വ്യക്തമാക്കുന്നു. ഫോക്കസ് അയര്‍ലണ്ടും മേക്വെറി ഫൗണ്ടേഷനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വീടില്ലാത്തവരുടെ ദാരുണമായ അവസ്ഥ ഡബ്ലിന്‍ നഗരത്തിലെ രാത്രി കാലത്തെ പതിവ് കാഴ്ചകളില്‍ ഒന്നായി മാറിയിരിക്കുന്നു.

താപനില മൈനസ് 2 ഡിഗ്രിയിലും താഴ്ച രേഖപ്പെടുത്തിയതോടെ അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ശക്തമായി തുടരുകയാണ്. സ്ട്രീറ്റില്‍ കിടന്നുറങ്ങുന്ന വീടില്ലാത്തവര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള സമവിധാനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി യോഗന്‍ മെര്‍ഫി വ്യക്തമാക്കി. പീറ്റര്‍ മെക്വെറി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കടുത്ത ശൈത്യം തുടരുന്നതിനാല്‍ ഭവനരഹിതര്‍ ഒട്ടും സുരക്ഷിതരല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി. തെരുവില്‍ ഉറങ്ങുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഡി.ആര്‍.എച്ച്.ഇ വെബ്സൈറ്റിലൂടെയോ, 012226861 എന്ന ഫോണ്‍ നമ്പറിലോ വിവരം അറിയിക്കുക. ഇവരെ ഉടന്‍തന്നെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ സജ്ജമാണെന്ന് പീറ്റര്‍ മെക്വെറി ട്രസ്റ്റ് വ്യക്തമാക്കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: