ശൈത്യകാലത്തെ നേരിടാനായുള്ള തയ്യാറെടുപ്പുകള്‍ ഇനിയും തുടങ്ങിയിട്ടില്ല; അയര്‍ലണ്ടിലെ നേഴ്സുമാര്‍ പ്രക്ഷോപത്തിലേക്ക്

ഡബ്ലിന്‍: രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിഞ്ഞതോടെ നേഴ്സുമാരുടെ ജോലി ഇരട്ടിയായിരിക്കുകയാണ്. ഇങ്ങനെപോയാല്‍ ശൈത്യകാലത്ത് പ്രതിസന്ധി കഠിനമാകുമെന്ന് പ്രഖ്യാപിച്ച് നേഴ്സുമാര്‍ പ്രക്ഷോപത്തിനിറങ്ങാന്‍ തീരുമാനിച്ചു. ശൈത്യം അടുത്ത് വരുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നും അതിനാല്‍ സ്റ്റാഫുകളുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തിങ്കളാഴ്ച മുതല്‍ നേഴ്സുമാര്‍ ഭാഗികമായി സമരത്തിനിറങ്ങുന്നത്.

രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന തിക്കും തിരക്കും നിയന്ത്രിച്ചില്ലെങ്കില്‍ തണുപ്പ് കാലത്ത് പരിധി വിടുമെന്നാണ് നേഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് സംഘടന നല്‍കുന്ന സൂചന. വിന്റര്‍ സീസണിനെ നേരിടാന്‍ ആവശ്യമായ തയാറെടുപ്പുകള്‍ ഇതുവരെ എടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എച്ച്.എസ്.ഇ യുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യമൊട്ടാകെ നൂറ്റിഎഴുപതോളം നേഴ്‌സ് ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. മെറ്റേണിറ്റി ലീവിലുള്ളവര്‍ക്ക് പകരം സ്റ്റാഫുകളെ ഇനിയും നിയമിച്ചിട്ടില്ല.

ഗാല്‍വേ യുണിവേഴ്‌സിറ്റിയിലെ നേഴ്‌സുമാരാണ് ആരോഗ്യമേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേഴ്സുമാരുടെ സമരത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കും ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കും വ്യാപിക്കും. തണുപ്പുകാല രോഗങ്ങള്‍ വര്‍ധിക്കുന്നതോടെ സ്ഥലപരിമിതികളും, ബെഡ്ഡുകളും നല്‍കാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്തില്ലെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയേക്കാള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അയര്‍ലണ്ടിലെ ആശുപത്രികള്‍ നേരിടേണ്ടി വരുമെന്നാണ് INMO മുന്നറിയിപ്പ് നല്‍കുന്നത്.

വേനല്‍ക്കാലത്ത് പോലും വന്‍ തിരക്കായിരുന്നു വിവിധ ആശുപത്രികളില്‍ അനുഭവപ്പെട്ടത്. ഐ.എന്‍.എം.ഒ യുടെ കണക്കുകള്‍പ്രകാരം 8,000 രോഗികളാണ് വിവിധ ആശുപത്രികളിലായി കഴിഞ്ഞ മാസത്തില്‍ ട്രോളികളില്‍ ചികിത്സ കാത്ത് കിടന്നത്. തിരക്ക് അനുഭവപ്പെടുന്ന ആശുപത്രികളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ഗാല്‍വേ ആശുപത്രിയാണ്. തുടര്‍ന്ന് ലീമെറിക്കിലെയും കോര്‍ക്കിലെയും യൂണിവേഴ്സിറ്റി ആശുപത്രികളും ഈ പട്ടികയില്‍ ഉണ്ട്.

75 വയസ്സിനു മുകളിലുള്ളവര്‍ ഹോസ്പിറ്റലുകളില്‍ ചികിത്സക്ക് എത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. ചിലരെ ദീര്‍ഘകാലത്തെ ചികിത്സക്ക് ശേഷമാണ് തിരിച്ചയക്കുന്നത്. ഇതോടെ പുതിയതായി എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ കാലതാമസം വരുന്നുണ്ട്. രോഗികള്‍ ആശുപത്രിയില്‍ എത്തുന്നതിനു ആനുപാതികമായി തന്നെ ഇവിടെ നിന്നും ചികിത്സ കഴിഞ്ഞ് ഇറങ്ങുന്നവര്‍ കുറയുകയാണ്. ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ശൈത്യകാലത്തെ മുന്‍കൂട്ടിക്കണ്ട് ആരോഗ്യമേഖലയില്‍ നിക്ഷേപം നടത്തുകയും ചെയ്‌തെങ്കിലേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുള്ളുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

 

 

 

 

Share this news

Leave a Reply

%d bloggers like this: