ശീതള പാനീയങ്ങള്‍ ഒഴിവാക്കു; അവ മറവി രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍

ശീതള പാനീയങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍, എങ്കില്‍ ആ പതിവ് ശീലം ഉപേക്ഷിക്കുന്നത് ആകും നല്ലത്. കാരണം ശീതള /മധുരപാനീയങ്ങള്‍ ശീലമാക്കുന്നത് ഓര്‍മ്മക്കുറവിനു കാരണമാകുമത്രേ. പതിവായി ഡയറ്റ് സോഡാ കുടിക്കുന്നത് പക്ഷാഘാതവും മറവിരോഗവും വരാനുള്ള സാധ്യത കൂട്ടും എന്ന് പഠനം.

ഡയറ്റ് ഡ്രിങ്കുകളും ശീതള പാനീയങ്ങളും തലച്ചോറിന്റ പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് രണ്ട് വ്യത്യസ്ത പഠനങ്ങള്‍ പറയുന്നു. പതിവായി മധുര പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഓര്‍മ ശക്തി കുറവായിരിക്കും. അറിവിന്റെയും ഓര്‍മശക്തിയുടെയും കേന്ദ്രമായ തലച്ചോറിലെ ഹിപ്പോകാമ്പസ്സ് എന്ന ഭാഗം ഇവരില്‍ ചെറുതായിരിക്കും എന്ന് അല്‍ഷിമേഴ്‌സ് ആന്‍ഡ് ഡിമെന്‍ഷ്യ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഡയറ്റ് സോഡാ പതിവായി കുടിക്കുന്നവരില്‍ ഇത് കുടിക്കാത്തവരെ അപേക്ഷിച്ച് പക്ഷാഘാതവും മറവിരോഗവും വരാനുള്ള സാധ്യത മൂന്നിരട്ടി ആണെന്ന് സ്ട്രോക്ക് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു തുടര്‍ പഠനം പറയുന്നു. കൃത്രിമ മധുരങ്ങള്‍ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നറിയാന്‍ ബോസ്റ്റണ്‍ സര്‍വകലാശാല ഗവേഷകനായ മാത്യു പേസിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടത്തിയത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത മനസിലാക്കുന്ന ഫ്രെമിങ് ഹാം ഹാര്‍ട്ട് സ്റ്റഡി യുടെ വിവരങ്ങള്‍ ആണ് ഗവേഷകര്‍ പഠനത്തിനായുപയോഗിച്ചത്.

പഞ്ചസാര അധികമാകുന്നത് ഉപാപചയ രോഗങ്ങളായ പൊണ്ണത്തടി, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ ഇവയുടെ ദീര്‍ഘകാല ഉപയോഗം മനുഷ്യന്റെ തലച്ചോറിനെ ബാധിക്കും എന്നതിനെ പറ്റി അറിവില്ലായിരുന്നു. ആദ്യ പഠനത്തിനായി ഫ്രെമിങ് ഹാര്‍ട്ട് പഠനത്തില്‍ എന്റോള്‍ ചെയ്തിരുന്ന നാലായിരം പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചു. എം ആര്‍ ഐ സ്‌കാനിംഗ്, ബൗദ്ധിക പരീക്ഷകള്‍ ഇവയുടെ എല്ലാം ഫലം പരിശോധിച്ചു.

സോഡ, സോഫ്റ്റ് ഡ്രിങ്കുകള്‍, പഴച്ചാറുകള്‍ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മധുര പാനീയങ്ങള്‍ ദിവസം രണ്ടിലധികം തവണ കുടിക്കുന്നവരുടെയോ സോഡ മാത്രംആഴ്ചയില്‍ മൂന്നിലധികം തവണ കുടിക്കുന്നവരെയും പരിശോധിച്ചു. കൂടുതല്‍ മധുരം കഴിക്കുന്നവരില്‍ തലച്ചോറിന്റെ പ്രായമാകലിന്റെ നിരവധി സൂചനകള്‍ കണ്ടു. ഇവരുടെ തലച്ചോറിന്റെ വ്യാപ്തം കുറവും ഹിപ്പോകാമ്പസ്സ് ചെറുതും ആണെന്ന് കണ്ടു. കൂടാതെ ഇവര്‍ക്ക് ഓര്‍മ്മക്കുറവുള്ളതായും കണ്ടു. അതായത് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ആയിരുന്നു ഇവര്‍. ഡയറ്റ് സോഡ കൂടുതല്‍ കുടിക്കുന്നത് അതായത് ദിവസം ഒരെണ്ണമെങ്കിലും കുടിക്കുന്നവരില്‍ തലച്ചോറിന്റെ വ്യാപ്തം കുറവാണെന്ന് കണ്ടു.

സ്ട്രോക്ക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച തുടര്‍ പഠനം, പക്ഷാഘാതമോ മറവി രോഗമോ ബാധിച്ചിട്ടുണ്ടോ എന്ന വിവരത്തെ അടിസ്ഥാനമാക്കി ആയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 2888 പേരില്‍ പക്ഷാഘാത സാധ്യതയും 60 വയസോ അതില്‍ കൂടുതലോ ഉള്ള 1484 പേരില്‍ മറവി രോഗത്തിനുള്ള സാധ്യതയും പരിശോധിച്ചു. ദിവസം കുറഞ്ഞത് ഒരു ഡയറ്റ് സോഡ എങ്കിലും കുടിച്ചവര്‍ക്ക് പക്ഷാഘാതവും ഡിമെന്‍ഷ്യയും വരാനുള്ള സാധ്യത മൂന്നിരട്ടി ആണെന്ന് പഠനത്തില്‍ കണ്ടു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: