ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

 
ആലപ്പുഴ: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ആനന്ദകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധു നേതൃത്വം നല്‍കുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ മരണശേഷം ഒട്ടേറെ രേഖകള്‍ മഠത്തില്‍ നിന്നും കടത്തിക്കൊണ്ടു പോയെന്നും ബാര്‍കോഴ വിവാദത്തിലൂടെ ശ്രദ്ധേയനായ ബിജു രമേശ് ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.

തുടര്‍ന്വേഷണത്തെ സ്വാഗതം ചെയ്യുന്നവെന്നു പ്രിയന്‍ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജുരമേശ് തെളിവുകള്‍ ഹാജരാക്കണം. ബിജുരമേശിനെയും ചോദ്യം ചെയ്യണമെന്നും പ്രിയന്‍ ആവശ്യപ്പെട്ടു. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കുമെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി പ്രകാശാനന്ദയും രംഗത്തെത്തിയിരുന്നു.

2002 ജൂലൈ ഒന്നിനാണ് ശാശ്വതീകാനന്ദയെ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിലും രാസപരിശോധനാ റിപ്പോര്‍ട്ടിലും മുങ്ങിമരണമാണെന്നു കണ്ടെത്തിയിരുന്നു. 2004ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. തുടര്‍ന്നു ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 2007 മേയ് ഏഴിന് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ആരോപണം.

Share this news

Leave a Reply

%d bloggers like this: