ശാശ്വതികാനന്ദയുടെ മരണം കൊലപാതകമെന്ന് ബിജുരമേശ്; പിന്നില്‍ വെള്ളാപ്പള്ളി

 
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ വീണ്ടും ആരോപണങ്ങളുമായി ബാര്‍ കോഴ വിവാദത്തിലൂടെ ശ്രദ്ധേയനായ മദ്യവ്യവസായി ബിജു രമേശ് രംഗത്ത്. ശാശ്വതികാനന്ദയെ കൊലപ്പെടുത്തിയതാണെന്നും ഇതിനു പിന്നില്‍ വെളളാപ്പള്ളിയും മകന്‍ തുഷാറുമാണെന്നും ബിജു രമേശ് ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു. അതേസമയം ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. െ്രെകംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ് ഇക്കാര്യങ്ങളെന്നും, ആരോപണങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൊലപാതകം നടത്തിയതെന്നും ശാശ്വതികാനന്ദയുടെ മരണശേഷം മഠത്തില്‍ നിന്നും ഒട്ടേറെ രേഖകള്‍ കടത്തിക്കൊണ്ടു പോയതായും ഇത് തെളിയിക്കുവാന്‍ തന്റെ കൈയില്‍ രേഖകള്‍ ഉളളതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പ്രിയനെ തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

2002 ജൂലൈയിലാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ ശിവഗിരി മുന്‍മഠാധിപതി ശാശ്വതികാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിനു തലേദിവസം തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതികാനന്ദയെ കൈയ്യേറ്റം ചെയ്‌തെന്നും ഇത് പുറത്തറിയാതിരിക്കാന്‍ ആണ് പ്രിയനെക്കൊണ്ട് കൊലപാതകം നടത്തിയത്. ദുബായ് പര്യടനത്തിനിടെ എസ്എന്‍ ട്രസ്റ്റിന്റെ കണക്കുകള്‍ സംബന്ധിച്ച് ശാശ്വികാനന്ദ വെള്ളാപ്പള്ളിയോട് അന്വേഷിച്ചിരുന്നു. അന്നു രാത്രി തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതികാനന്ദയെ മര്‍ദ്ദിച്ചു.

തുടര്‍ന്ന് ബഹ്‌റിന്‍ പരിപാടി റദ്ദാക്കിയ ശാശ്വതികാനന്ദ ഡല്‍ഹി വഴി നാട്ടിലേക്ക് വന്നു. പിറ്റേദിവസം ആലുവയിലെ അദ്വൈതാശ്രമത്തിലെ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ സഹായിയായ ജോയ്‌സിയെ കാണിച്ചിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സോമന്‍ യഥാര്‍ത്ഥ മരണകാരണം പുറത്തുവിട്ടിട്ടില്ല. ഇതിന് പ്രതിഫലമായിട്ടാണ് സോമനെ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം പ്രസിഡന്റാക്കിയതെന്നും ബിജു രമേശ് ആരോപിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: