ശമ്പള വര്‍ധനവ് ആവശ്യപ്പട്ട് ലോംഗ് മാര്‍ച്ചുമായി സ്വകാര്യ നഴ്സുമാര്‍

 

ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ച് നടത്തുന്നു. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് നഴ്സുമാര്‍ സമരം നടത്തുന്ന ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഈ മാസം 24 ന് ലോംഗ് മാര്‍ച്ച് ആരംഭിക്കാനാണ് സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷ(യുഎന്‍എ)ന്റെ തീരുമാനം. 24ന് ആരംഭിക്കുന്ന മാര്‍ച്ച് തിരുവനന്തപുരത്ത് എത്താന്‍ എട്ട് ദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎന്‍എ നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനൊപ്പം ലോംഗ് മാര്ച്ച് ആരംഭിക്കാനുമാണ് തീരുമാനമെന്ന് യുഎന്എ നേതാക്കള് അറിയിച്ചു.

വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുഎന്എ ആവശ്യപ്പെട്ടിരുന്നു. ശമ്പളം വര്‍ധിപ്പിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രമിച്ചുവരുന്നതെന്നും ഏപ്രില്‍ 23ന് മുന്‍പ് ശമ്പളം വര്‍ധിപ്പിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുഎന്‍എ വ്യക്തമാക്കിയിരുന്നു.

നേരത്തെ മിനിമം വേതന സമിതി നിശ്ചയിച്ചതനുസരിച്ച് കഴിഞ്ഞമാസം 31 ന് മുന്‍പ് ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഉറപ്പ് നല്‍കിയിരുന്നു. നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും പ്രശ്നത്തില്‍ ഇടപെട്ടതും വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കിയതും.

എന്നാല്‍ വിജ്ഞാപനം ഇറക്കുന്നതിനെ ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകളുടെ സംഘനട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് വിജ്ഞാപനം ഇറക്കുന്നത് കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ തിടുക്കത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നായിരുന്നു ആശുപത്രി മാനേജ്മെന്റുകളുടെ വാദം.

എന്നാല്‍ സര്‍ക്കാരിന്റെയും നഴ്സുമാരുടെയും വാദം കേട്ട ശേഷം ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയും ശമ്പളവര്‍ധനവ് സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് അനുവാദം കൊടുക്കുകയും ചെയ്തിരുന്നു.മിനിമം വേതന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം എതിര്‍പ്പുകളുണ്ടെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ നഴ്സുമാര്‍ അനിശ്ചിതകാല സമരവും ലോംഗ് മാര്‍ച്ചിനും തീരുമാനിച്ചിരിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: