ശബ്ദത്തെ തോല്‍പ്പിക്കുന്ന വിമാനം വരുന്നു; പുറത്തിറക്കുന്നത് നാസ

നാസ: ശബ്ദാതിവേഗ വിമാനങ്ങളുടെ ശബ്ദമലിനീകരണം ഇല്ലാതെ ശബ്ദത്തെ നിശബ്ദമായി തോല്‍പ്പിക്കുന്ന വിമാനം വരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് അത്യാധുനിക സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഇറക്കുന്നത്. വിമാനം നിര്‍മ്മിക്കാനുള്ള 247.5 ദശലക്ഷം ഡോളറിന്റെ (1625 കോടി രൂപ ) കരാര്‍ അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന് നാസ നല്‍കി കഴിഞ്ഞു. 2021ല്‍ വിമാനം നാസയ്ക്ക് ലഭിക്കും

ഹൃദയമിടിപ്പ് പോലെ മൃദുവായ ശബ്ദമാണ് ഇതിന്റെ പ്രത്യേകത. കൂടാതെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാണ്. വേഗത മണിക്കൂറില്‍ 1,593 കിലോമീറ്റര്‍ ആയിരിക്കും. 94 അടി നീളവും ചിറകുകളുടെ വിരിവ് 29.5 അടിയുമായ ഈ സൂപ്പര്‍ സോണിക് വിമാനത്തിന് 55,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ കഴിയും. ഒറ്റ പൈലറ്റ് മാത്രമേ ഉണ്ടായിരിക്കുകയോള്ളൂ. കാറ്റ് പിടിക്കാതിരിക്കാന്‍ വിമാനത്തിന്റെ മുകളിലാവും എന്‍ജിന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.

ലോകത്ത് ആകെ നിര്‍മ്മിച്ചിട്ടുള്ള രണ്ട് ശബ്ദാതിവേഗ യാത്രാവിമാനങ്ങളില്‍ ഒന്നായ കോണ്‍കോര്‍ഡിന്റെ ശ്രേണിയിലാവും പുതിയ വിമാനം. 1976ല്‍ സേവനം തുടങ്ങിയ കോണ്‍കോര്‍ഡ് പറക്കുമ്പോള്‍ ശബ്ദത്തിന്റെ കമ്പനം മൂലം കെട്ടിടങ്ങളുടെ ചില്ലുകള്‍ പൊട്ടുമായിരുന്നു. 2003ല്‍ കോണ്‍കോര്‍ഡ് വിരമിച്ചു. രണ്ടാമത്തെ സൂപ്പര്‍ സോണിക് യാത്രാവിമാനം ടുപോലേവ് ടി.യു.144 ആണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: