ശബരിമല സ്ത്രീപ്രവേശനത്തിന് സ്റ്റേ ഇല്ല; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവശനം അനുവദിച്ചത് സംബന്ധിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് വാദം കേള്‍ക്കും. പുനഃപരിശോധന ഹരജിക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കും. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറിലെ യുവതീ പ്രവേശന വിധി കോടതി സ്റ്റേ ചെയ്തില്ല.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പുനഃപരിശോധന ഹരജികള്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് പുറമെ ജസ്റ്റിസുമാരായ രോഹിങ്ടണ്‍ ഫാലി നരിമാന്‍, എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഹരജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 49 പുനപരിശോധനാ ഹരജികളാണ് കോടതി പരിഗണിച്ചത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിഷയത്തില്‍ നാല് റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ എസ്. ജയരാജ് കുമാര്‍, ഷൈലജ വിജയന്‍ എന്നിവരാണ് റിട്ട് ഹരജികള്‍ സമര്‍പ്പിച്ചത്. ജയരാജ് കുമാര്‍ കേന്ദ്രസര്‍ക്കാറിനെയും മറ്റുള്ളവര്‍ കേരളാ സര്‍ക്കാറിനെയും ഒന്നാം പ്രതിയാക്കിയാണ് ഹരജികള്‍ നല്‍കിയത്.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജികളും പരിശോധിക്കുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: