ശബരിമല യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല; റിവ്യൂ ഹര്‍ജി വിശാലാബെഞ്ചിന്റെ പരിഗണയ്ക്ക്

ന്യൂഡല്‍ഹി: കേരളം കാത്തിരുന്ന ശബരിമല റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം പുറത്തുവന്നു. ഹര്‍ജി പരിഗണിച്ച കോടതി വിശാല ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്ന് ജഡ്ജുമാരാണ് നിലപാട് സ്വീകരിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ്, എ എന്‍ ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ വിശാലമായ ബെഞ്ച് പരിഗണിക്കണമെന്നാണ് പറഞ്ഞപ്പോള്‍, ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, ആര്‍ എസ് നരിമാന്‍ എന്നിവര്‍ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിക്ക് കോടതി സ്റ്റേ ചെയ്തിട്ടില്ല.

ശബരിമലയിലെ വിഷയം മറ്റ് മതങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി ചീഫ് ജസ്റ്റീസ് പറഞ്ഞു. ഷിരൂര്‍ മഠത്തിലെ വിധിയില്‍ പറഞ്ഞ കാര്യങ്ങളും മുസ്ലീങ്ങളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതോടൊപ്പം പരിഗണിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. 2018 സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചുഡ്, ആര്‍ എസ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകളെ ശബരിമല കയറുന്നതിന് വിലക്കിയത് ഭരണഘടന ധാര്‍മ്മികതയ്ക്ക് നിരയ്ക്കുന്നതല്ലെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. തൊട്ടുകൂടായ്മയ്ക്കെതിരായ ഭരണഘടന വ്യവസ്ഥകള്‍ക്കെതിരാണ് സ്ത്രീ പ്രവേശന നിരോധനമെന്നായിരുന്നു കോടതി കണ്ടെത്തിയത്. വിശ്വാസങ്ങള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതില്‍ ഇന്ദു മല്‍ഹോത്ര ഭിന്നാഭിപ്രായമായിരുന്നു രേഖപ്പെടുത്തിയത്. വിശ്വാസങ്ങളുടെ കാര്യത്തില്‍ കോടതി ഇടപെടേണ്ടെന്നായിരുന്നു ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത്.

ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്നാണ് പുന പരിശോധന ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ രഞ്ജന്‍ ഗഗോയ് ഉള്‍പ്പെട്ടത്. ഇതിനെതിരെ 56 പുനഃപരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. 1991 ഏപ്രില്‍ 5 ലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിക്കപ്പെട്ടത്. കെ പരിപൂര്‍ണനും കെ ബാലനാരായണനുമായിരുന്നു വിധി പുറപ്പെടുവിച്ചത്. സ്വകാര്യ വ്യക്തിയുടെ കത്ത് റിട്ടായി പരിഗണിച്ചാണ് ഹൈക്കോടതി തീരൂമാനമെടുത്തത്. ഈ വിധിക്കെതിരെ 15 വര്‍ഷത്തിന് ശേഷം 2006ലാണ് കേസ് സുപ്രീം കോടതിയിലെത്തുന്നത്.

Share this news

Leave a Reply

%d bloggers like this: