ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

പത്തനംതിട്ട : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി റിവ്യൂ ഹര്‍ജി വിധി നാളെ അറിയാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പുനഃപ്പരിശോധന ഹര്‍ജികളില്‍ വിധിപറയുക. 56 പുനപരിശോധന ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലുള്ളത്. രാവിലെ 10.30 നാണ് സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടാകുക.

എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്. സ്ത്രീക്കും പുരുഷനും തുല്യതയെന്ന ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ശബരിമല വിധിയെന്നതാണ് ഈ കേസിന്റെ മറ്റൊരു പ്രത്യേകത.

അയോധ്യ കേസില്‍ ഏകകണ്ഠവിധിപറഞ്ഞ ബെഞ്ചിലെ രണ്ടു ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ തന്നെയാണ് ശബരിമല പുനഃപരിശോധനയിലും വിധിപറയാന്‍ പോകുന്നത്. ബഞ്ചിലെ ഏക വനിത ജഡ്ജിയായ ഇന്ദുമല്‍ഹോത്രയാണ് നേരത്തെ വിധിയില്‍ വിയോജിച്ചത്.

വിശ്വാസത്തിന്റെ പേരിലായിരുന്നു വിയോജിപ്പ്. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചില്‍ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടാകും ഇനി സുപ്രീംകോടതി തീരുമാനത്തില്‍ നിര്‍ണായകമാവുക. അതേസമയം, ശബരിമല കേസ് വിശാലബെഞ്ചിന് വിടുകയോ മറ്റോ ഉണ്ടായാല്‍ കേസില്‍ ഇനിയും വാദത്തിന് അവസരമൊരുങ്ങും

Share this news

Leave a Reply

%d bloggers like this: