ശബരിമല നട ഇന്ന് തുറക്കും; കനത്ത സുരക്ഷ ഒരുക്കി പൊലീസ്; ഒരു യുവതി പോലും ദര്‍ശനത്തിന് സമീപിച്ചിട്ടില്ലെന്ന് പോലീസ്

നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയില്‍ ശബരിമല. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഉച്ചയ്ക്ക് ശേഷം മാത്രമേ ഭക്തരെ പമ്പയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ. അതേ സമയം സുരക്ഷാ ആവശ്യപ്പെട്ട് സ്ത്രീകളാരും ഇതുവരെ സമീപിച്ചിട്ടില്ലന്ന് കലക്ടര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് നിലയ്ക്കലില്‍ നിന്നും കടത്തി വിടുന്നത്. ഐജിമാരായ എംആര്‍ അജിത്ത്, ആശോക് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയും 20 കമാന്റോകളെയും പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ അന്‍പത് വയസിന് മുകളിലുള്ള വനിതാ പൊലീസ് സംഘത്തെ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. സംശയം തോന്നിയാല്‍ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. തീര്‍ഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശമുണ്ട്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് തുലാംമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നത്. നടതുറന്നിരുന്ന അഞ്ച് ദിവസവും പ്രതിഷേധക്കാര്‍ ശബരിമലയില്‍ വിവിധയിടങ്ങളിലായി സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം ലംഘിച്ച് പ്രതിഷേധക്കാര്‍ ശബരിമലയില്‍ തന്നെ തുടര്‍ന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒമ്പത് യുവതികള്‍ക്ക് പാതിവഴിയില്‍ മടങ്ങേണ്ടി വന്നു.

ശബരിമലയിലെ സുരക്ഷക്കായി കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അമ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് മാത്രം സന്നിധാനത്ത് ചുമതല നല്‍കിയാല്‍ മതിയെന്നാണ് പോലീസ് തീരുമാനം. കമാന്‍ഡോകളടക്കം 1850 പോലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് നിലയ്ക്കലും പമ്പയിലും ഒരുക്കിയിരിക്കുന്നത്. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം അടുത്തിരിക്കെ സര്‍ക്കാരിനും പോലീസിനും ഹൈന്ദവസംഘടനകള്‍ക്കും ഇന്ന് അഞ്ച് മണി മുതല്‍ നടതുറന്നിരിക്കുന്ന ഓരോ മണിക്കൂറും നിര്‍ണായകമാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: